മെയേഴ്സിന് അർധസെഞ്ച്വറി; ഇന്ത്യക്ക് 165 റണ്‍സ് വിജയ ലക്ഷ്യം
|മെയേഴ്സ് 50 പന്തിൽ നാല് സിക്സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു
അർധ സെഞ്ച്വറിയുമായി ഓപ്പണർ കെയ്ൽ മെയേഴ്സ് തിളങ്ങിയപ്പോൾ ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസിന് ബേധപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 164 റൺസെടുത്തു. മെയേഴ്സ് 50 പന്തിൽ നാല് സിക്സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു.
ആദ്യ വിക്കറ്റിൽ ബ്രണ്ടൻ കിങ്ങിനൊപ്പം അർധ സെഞ്ച്വറി കൂട്ടു കെട്ട് പടുത്തുയർത്തിയ മെയേഴ്സ് രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ നിക്കോളസ് പൂരനൊപ്പവും അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് മടങ്ങിയത്. ബ്രണ്ടൻ കിങ് 20 റൺസെടുത്ത് പുറത്തായപ്പോൾ നിക്കോളാസ് പൂരൻ 22 റൺസെടുത്ത് പുറത്തായി.
അവസാന ഓവറുകളില്‍ റോവ്മന്‍ പവലും ഷിംറോണ്‍ ഹെറ്റ്മെയറും വിന്‍ഡീസ് സ്കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവര്‍ക്കും അധികം സംഭാവനകള്‍ നല്‍കാനായില്ല. പവല്‍ 23 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ഹെറ്റ്മെയര്‍ 20 റണ്‍സ് എടുത്ത് നില്‍ക്കേ റണ്ണൌട്ടായി.
നേരത്തേ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും അര്‍ഷദീപ് സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.