''പകുതിപേർക്ക് ഇംഗ്ലീഷ് പോലും അറിയില്ല''; ആർ.സി.ബി മാനേജ്‌മെന്റിനെതിരെ വിമർശനവുമായി സെവാഗ്
|ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫുകളുടെ അഭാവം ആഭ്യന്തര താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് സെവാഗ്
ന്യൂഡൽഹി: ആർ.സി.ബി മാനേജ്‌മെന്റിനെ ശക്തമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ആർ.സി.ബി പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം.
' 12 മുതൽ 15 വരെ ഇന്ത്യൻ താരങ്ങളുള്ള ടീമിൽ മുഴുവനും വിദേശ സ്റ്റാഫുകളാണെങ്കിൽ അതൊരു പ്രശ്‌നമാണ്. വിദേശതാരങ്ങൾ വളരെ കുറവാണ്. ബാക്കിയുള്ളത് മുഴുവൻ ഇന്ത്യൻ താരങ്ങളാണ് ,അതിൽ പകുതി പേർക്കും ഇംഗ്ലീഷ് മനസിലാവില്ല. വിദേശ സ്റ്റാഫുകൾ എങ്ങന അവരെ പ്രചോദിപ്പിക്കും അവരുടെ കൂടെ ആര് സമയം ചിലവഴിക്കും ആര് സംസാരിക്കും ' മത്സരശേഷം ക്രിക്ക്ബസിൽ സംസാരിക്കുകയായിരുന്ന സെവാഗ് പറഞ്ഞു.
ബംഗളൂരുവിന്റെ മുഖ്യ പരിശീലകനായ ആൻഡി ഫ്‌ളവറും ബൗളിങ് പരിശീലകൻ ആഡം ഗ്രിഫിത്തും വിദേശികളാണ്. ഇന്ത്യൻ താരങ്ങൾക്ക് അവരോട് സംസാരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുമെന്നും സെവാഗ് കൂട്ടിച്ചേർത്തു.
മുൻ ഇന്ത്യൻ താരം മനോജ് തിവാരിയും മാനേജ്‌മെന്റിന്റെ തെറ്റായ തീരുമാനങ്ങൾ ചൂണ്ടിക്കാട്ടി. ''താരലേലം മുതൽ പ്രശ്‌നങ്ങൾ തുടങ്ങുന്നു. മികച്ച താരങ്ങളെല്ലാം മറ്റ് ടീമുകളിലേക്ക് പോവുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നു.അതിനുദാഹരണമാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചഹൽ. ഈ താരങ്ങളെയൊന്നും ടീം നിലനിർത്താൻ ശ്രമിക്കുന്നില്ല. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ അവർ ഉറച്ചുനിന്നില്ല.' തിവാരി പറഞ്ഞു.തിങ്കളാഴ്ച സൺറൈസേർസിനെതിരെ ആർ.സി.ബി 25 റൺസിന് തോറ്റിരുന്നു. ബംഗളൂരുവിന്റെ സീസണിലെ ആറാം തോൽവിയായിരുന്നുഇത്.