ശുഭ്മാന്‍ ഗില്ലിന് പരിക്ക്: ഓപ്പണര്‍ സ്ഥാനത്തേക്ക് നാല് പേരുകള്‍
|ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് ആഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് വേണ്ടി നിര്‍ദേശിച്ചിരിക്കുന്നത്. ടെസ്റ്റ് തുടങ്ങാന്‍ ഇനിയും ഒരു മാസത്തോളം ബാക്കിയിരിക്കെ ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം പകരക്കാരന് വേണ്ടിയുള്ള നീക്കങ്ങള്‍ സജീവമായി. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ആര് ഓപ്പണറാകും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. രോഹിതിനൊപ്പം ഹനുമ വിഹാരിക്കാണ് സാധ്യത. അങ്ങനെ വന്നാല്‍ ലോകേഷ് രാഹുല്‍ മധ്യനിരയില്‍ ഇറങ്ങും. ന്യൂബോളിനെതിരെ കളിക്കുന്നതില്‍ രാഹുലിന്റെ പ്രകടനം അത്രമികച്ചതല്ലെന്നും മധ്യനിരയിലെ അതിന് ശേഷമോ അദ്ദേഹത്തെ പരിക്ഷിക്കുന്നതാണ് ഉചിതമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഹനുമ വിഹാരിക്ക് പുറമെ മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വര്‍ എന്നിവരും ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇവരില്‍ ആര് വരും എന്നത് സംബന്ധിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.
ന്യൂബോളില്‍ കളിക്കാനുള്ള തന്റെ മികവ് ഹനുമാ വിഹാരി തെളിയിച്ചിട്ടുമുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പ് ഗില്‍ പരിക്കില്‍ നിന്ന് മുക്തനാവാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ വെച്ച് തന്നെ ഗില്ലിന് ചികിത്സ ലഭ്യമാക്കാനാണ് ബിസിസിഐയുടെ നീക്കം. ഓഗസ്റ്റ് നാലിന് നോട്ടിങ്ഹാമിലാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. അതിനിടയ്ക്ക് ഗില്ലിന്റെ പരിക്ക് ഭേദമാക്കാനാണ് ഇംഗ്ലണ്ടിൽ തന്നെ ചികിത്സ നൽകുന്നത്.