'സഹതാരത്തെ നാണക്കേടിലാക്കി, ഞാനും നാണം കെട്ടു. അന്നെനിക്ക് തെറ്റു പറ്റി'; ശ്രീശാന്തിനെ തല്ലിയതിൽ മാപ്പു പറഞ്ഞ് ഹർഭജൻ സിങ്
|വിവാദം മുമ്പ് സച്ചിൻ ടെണ്ടുൽക്കറുടെ നിർദേശപ്രകാരം നടത്തിയ വിരുന്നിൽ സംസാരിച്ച് തീർത്തിരുന്നുവെന്ന് ശ്രീശാന്ത്
ഐപിഎൽ ടൂർണമെൻറിനിടെ എതിർടീം താരമായിരുന്ന മലയാളി പേസർ ശ്രീശാന്തിനെ തല്ലിയതിൽ മാപ്പുപറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിങ്. തന്റെ നടപടി സഹതാരത്തെ നാണക്കേടിലാക്കിയെന്നും താനും നാണം കെട്ടുവെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഹർഭജൻ പറഞ്ഞു. ഗ്ലാൻസ് ലൈവ് ഫെസ്റ്റിൽ ശ്രീശാന്തുമൊത്തുള്ള സംഭാഷണത്തിലാണ് അദ്ദേഹം തെറ്റ് തുറന്നു പറഞ്ഞത്.
'സ്ലാപ് ഗേറ്റ് സംഭവത്തിൽ ശ്രീശാന്തിനെതിരെ ചെയ്ത കാര്യമാണ് തനിക്ക് തിരുത്താനുള്ളത്. അതൊരിക്കലും സംഭവിക്കരുതായിരുന്നു. പിന്നീട് ചിന്തിച്ചപ്പോൾ അക്കാര്യം ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു' ഹർഭജൻ പരിപാടിയിൽ പറഞ്ഞു.
എന്നാൽ ഈ വിവാദം മുമ്പ് സച്ചിൻ ടെണ്ടുൽക്കറുടെ നിർദേശപ്രകാരം നടത്തിയ വിരുന്നിൽ സംസാരിച്ച് തീർത്തിരുന്നുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഹർഭജനെതിരെ നടപടി സ്വീകരിക്കരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും മലയാളി താരം വ്യക്തമാക്കി.
''അതെല്ലാം പരിഹരിക്കപ്പെട്ടിരുന്നു. സച്ചിൻ പാജിക്ക് നന്ദി. അദ്ദേഹം പറഞ്ഞു നിങ്ങൾ ഒരേ ടീമിൽ കളിക്കുന്നവരാണ്. ഞാൻ പറഞ്ഞു അതേ. ഞാൻ അദ്ദേഹത്തെ പോയി കാണും. അതേ രാത്രി തന്നെ ഞങ്ങൾ ഡിന്നറിന് പോയി. പക്ഷേ പിന്നീട് മാധ്യമങ്ങൾ സംഭവത്തെ വേറെ നിലയിലേക്ക് കൊണ്ട് പോയി' ശ്രീശാന്ത് പറഞ്ഞു. ബാജി പായുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം ഏറെ മാറിയെന്നും ശ്രീ എനിക്ക് മാപ്പു തരണമെന്ന് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. അദ്ദേഹം എന്നും തന്റെ മുതിർന്ന സഹോദരനാണെന്നും അദ്ദേഹം പറഞ്ഞു.
2008 ഏപ്രിൽ 25ന് ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്-മുംബൈ ഇന്ത്യൻസ് മത്സരശേഷമാണ് വിവാദ സംഭവം നടന്നത്. ശ്രീശാന്ത് കളിച്ച പഞ്ചാബ് ടീമാണ് മത്സരത്തിൽ ജയിച്ചിരുന്നത്. കളി തീർന്ന ശേഷം ശ്രീശാന്ത് മുംബൈ നായകനും ടീം ഇന്ത്യയിലെ സഹതാരവുമായ ഹർഭജൻ സിങ്ങിന്റെ അടുത്തുചെന്നു. പ്രകോപിപ്പിക്കാനെന്നോണം ഹർഭജനുനേരെ കൈനീട്ടി. കളിക്കിടയിലും താരത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിരുന്നു. ഇതെല്ലാം മനസ്സിൽവച്ചെന്നോണം ശ്രീശാന്തിന്റെ മുഖത്തടിച്ചായിരുന്നു ഹർഭജന്റെ പ്രതികരണം. സംഭവം ചില്ലറ കോളിളക്കമൊന്നുമല്ല ക്രിക്കറ്റ് ലോകത്തുണ്ടാക്കിയത്. സംഭവത്തെ തുടർന്ന് ഹർഭജന് 11 മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയിരുന്നു.
Harbhajan Singh apologizes for beating Sreesanth