'ജഡേജ ജോലി ഭാരം ധോണിയുടെ ചുമലിൽ വെക്കുന്നു': ഹർഭജൻ സിങ്
|'ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയെ നയിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ജഡേജ നോക്കുകയാണെങ്കിൽ അദ്ദേഹം എല്ലായ്പ്പോഴും ഔട്ട്ഫീൽഡിലാണ് നിൽക്കുക'
ചെന്നൈ: ജയിക്കാൻ പെടാപാട് പെടുകയാണ് ചെന്നൈ സൂപ്പർകിങ്സ്. കളിച്ച മൂന്നിലും സിഎസ്കെ തോറ്റു. ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ചെന്നൈ എന്ന് നായകൻ രവീന്ദ്ര ജഡേജ പഞ്ചാബുമായുള്ള മത്സരശേഷം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ തോൽവിയിൽ രവീന്ദ്ര ജഡേജക്കും പങ്കുണ്ടെന്ന് പറയുകയാണ് മുൻഇന്ത്യൻ താരവും ചെന്നൈ സൂപ്പർകിങ്സിന്റെ ഭാഗവുമായിരുന്ന ഹർഭജൻ സിങ്. ഇനിയും മുന്നിൽ നിന്ന് നയിക്കാനുള്ള കഴിവ് ജഡേജ ആർജിക്കേണ്ടതുണ്ടെന്ന് ഹർഭജൻ സിങ് പറയുന്നു.
'ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയെ നയിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ജഡേജയെ നോക്കുകയാണെങ്കിൽ അദ്ദേഹം എല്ലായ്പ്പോഴും ഔട്ട്ഫീൽഡിലാണ് നിൽക്കുക. അവിടെ നിൽക്കുന്നൊരാൾക്ക് കളി നിയന്ത്രിക്കുന്നതിൽ പരിമിതികളുണ്ട്. ഫീൽഡ് സെറ്റ് ഉൾപ്പെടെയുള്ള തലവേദനകൾ അദ്ദേഹം ധോണിയെ ഏൽപ്പിച്ചിരിക്കുകയാണ്. തന്റെ ജോലി ഭാരമാണ് ധോണിയുടെ ചുമലിലാക്കിയിരിക്കുന്നത്' ഹർഭജൻ പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് ചർച്ചക്കിടെയാണ് ഹർഭജന്റെ തുറന്നുപറച്ചിൽ.
അതേസമയം ജഡേജയെ നായകനാക്കിയ തീരുമാനത്തോട് ഹർഭജൻ യോജിക്കുന്നുണ്ട്. ധോണിയുടെ സാന്നിധ്യത്തിൽ തന്നെ അദ്ദേഹത്തിന് തന്റെ നായകമികവ് വളർത്തിയെടുക്കാനാവുമെന്നും ഹർഭജൻ പറയുന്നു. അതിനാൽ ജഡേജയ്ക്ക് സമയം നൽകണമെന്നും ആരാധകരോട് ഹർഭജൻ ആവശ്യപ്പെടുന്നു. ഓൾറൗണ്ടർ എന്ന നിലയിൽ ജഡേജ വളരെ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നതെന്നും അദ്ദേഹത്തിന്റെ കഴിവുകൾ അവിശ്വസനീയമാണെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദുമായാണ് ചെന്നൈയുടെ അടുത്ത മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറു വിക്കറ്റിനാണ് ചെന്നൈയെ ആദ്യ മത്സരത്തിൽ തോൽപിച്ചത്. രണ്ടാം മത്സരത്തിൽ ലക്നൗവും ആറു വിക്കറ്റിന് തോൽപിച്ചു. 200ലേറെ റൺസ് പിറന്നിട്ടും ലക്നൗ പിന്തുടർന്ന് ജയിക്കുകയായിരുന്നു. അവസാന മത്സരത്തിൽ 54 റൺസിനായിരുന്നു പഞ്ചാബിന്റെ ജയം. 181 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 126 റൺസിൽ എല്ലാവരും പുറത്താകുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ചെന്നൈ ഒരു മത്സരത്തിൽ എല്ലാവരും പുറത്താകുന്നത്.
Summary: He's shedding some of his weight and putting it on Dhoni's shoulders-Says Harbhajan Singh