Cricket
ഷമിയുടെ ഓവറിൽ ഹാർദിക്കും ക്യാച്ച് വിട്ടു: തിരിച്ചടിയെന്ന് സോഷ്യൽ മീഡിയ
Cricket

ഷമിയുടെ ഓവറിൽ ഹാർദിക്കും ക്യാച്ച് വിട്ടു: തിരിച്ചടിയെന്ന് സോഷ്യൽ മീഡിയ

Web Desk
|
15 April 2022 4:23 AM GMT

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ ഓവറിലെ ക്യാച്ച് ഷമിക്ക് എടുക്കാനായിരുന്നില്ല. തുടർന്ന് ഷമിയോട് പാണ്ഡ്യ ദേഷ്യപ്പെട്ടിരുന്നു.

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ബൗളർ മുഹമ്മദ് ഷമിയുടെ ഓവറിലെ ക്യാച്ച് നഷ്ടപ്പെടുത്തിയ നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ സോഷ്യൽമീഡിയ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ ഓവറിലെ ക്യാച്ച് ഷമിക്ക് എടുക്കാനായിരുന്നില്ല. തുടർന്ന് ഷമിയോട് പാണ്ഡ്യ ദേഷ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ടീമിലെ മുതിർന്നൊരു താരത്തിനോട് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് തുടങ്ങി രൂക്ഷമായ വിമർശനങ്ങളാണ് അന്ന് പാണ്ഡ്യക്ക് നേരെ ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത മത്സരത്തിൽ തന്നെ ഷമിയുടെ ഓവറിൽ പാണ്ഡ്യ ക്യാച്ച് നഷ്ടപ്പെടുത്തുന്നത്. ക്യാച്ച് നഷ്ടപ്പെട്ടതിലുള്ള നിരാശ ഷമിയുടെ മുഖത്ത് പ്രകടമായിരുന്നെങ്കിലും തിരിച്ച് ദേഷ്യപ്പെടുന്നതൊന്നും കണ്ടില്ല. ഇതും രണ്ടും ചൂണ്ടിക്കാണിച്ചാണ് പാണ്ഡ്യക്കെതിരെയുള്ള വിമർശനം. കളിക്കാർ യന്ത്രങ്ങളല്ലെന്നും മത്സരമായാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും അതിന് മാന്യമായി പെരുമാറണമെന്നുമൊക്കെയാണ് പാണ്ഡ്യക്കെതിരെ ഉയരുന്ന വിമർശം.

രാജസ്ഥാന്റെ വെടിക്കെട്ട് ബാറ്റർ ഷിറോൺ ഹെറ്റ്മയറെയായിരുന്നു പാണ്ഡ്യ വിട്ടുകളഞ്ഞത്. അതേസമയം അതേ ഓവറിൽ തന്നെ ഹെറ്റ്മയർ പുറത്താകുകയും ചെയ്തിരുന്നു. മത്സരത്തിൽ 37 റൺസിനായിരുന്നു ഗുജറാത്തിന്റെ വിജയം. പുറത്താകാതെ 87 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ വിജയശിൽപ്പി. 52 പന്തിൽ നിന്ന് നാല് സിക്‌സറുകളും എട്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്. 43 റൺസെടുത്ത അഭിനവ് മനോഹർ പാണ്ഡ്യക്ക് കൂട്ടായി. 14 പന്തിൽ 31 റൺസ് നേടിയ മില്ലറുടെ പ്രകടനവും ഗുജറാത്തിന്റെ 192 എന്ന മികച്ച ടോട്ടലിന് സഹായകമായി.

മറുപടി ബാറ്റിങിൽ രാജസ്ഥാന് 155 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 54 റൺസ് നേടിയ ജോസ് ബട്ട്‌ലർക്ക് മാത്രമെ രാജസ്ഥാൻ നിരയിൽ തിളങ്ങാനായുള്ളൂ. ഷിംറോൺ ഹെറ്റ്മയർ 29 റൺസ് നേടി. ഗുജറാത്തിനായി ലോക്കി ഫെർഗൂസൺ യാഷ് ദയാൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Summary-Hardik Pandya faces public ridicule for dropping catch off Mohammad Shami's bowling

Similar Posts