ഇത്ര വെറുക്കപ്പെടേണ്ടവനാണോ ഹാർദിക് പാണ്ഡ്യ?
|ഈ ഐ.പി.എല്ലിലെ വില്ലൻ ആരാണ് എന്നുചോദിച്ചാൽ ഹാർദിക് പാണ്ഡ്യയെന്നാകും ഒരേ സ്വരത്തിൽ ഉയരുന്ന മറുപടി. ക്രിക്കറ്റ് താരങ്ങളെ അത്രയും ഹൃദയത്തോട് ചേർത്ത ഇന്ത്യാമഹാരാജ്യത്ത് ഒരു ഇന്ത്യൻ താരത്തോട് തന്നെ ഇത്രയും വെറുപ്പുയരുന്നത് ഇതാദ്യമായിരിക്കും. ഒറ്റപ്പെട്ട മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ മുമ്പും കൂവലുയർന്നിട്ടുണ്ട്. ഉദാഹരണമായി സൗരവ് ഗാംഗുലിയെ പുറത്തിരുത്തിയതിന്റെ പേരിൽ ഈഡൻ ഗാർഡനിൽ രാഹുൽ ദ്രാവിഡിനെ ആരാധകർ കൂവിയിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് കോഹ്ലിയെ വാംഖഡെയിൽ കൂവിയിട്ടുണ്ട്.
പക്ഷേ അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെ തച്ചുടച്ച് ലോകകിരീടത്തിൽ മുത്തമിട്ട പാറ്റ് കമ്മിൻസ് പോലും ആരാധകരാൽ സ്വീകരിക്കപ്പെടുമ്പോൾ ഹാർദിക് പാണ്ഡ്യ ഇത്രയും വെറുക്കപ്പെടാൻ കാരണമെന്താകും?
ക്യാപ്റ്റൻസി റെക്കോർഡ് നോക്കിയാൽ പാണ്ഡ്യ മോശക്കാരനല്ല. കന്നി സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യൻമാരാക്കിയ പാണ്ഡ്യ തൊട്ടടുത്ത സീസണിൽ ടീമിനെ റണ്ണേഴ്സ് അപ്പാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാണ്ഡ്യ മുംബൈയിൽ എത്തുന്നത്. ഒരുവേള ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ പാണ്ഡ്യ നയിക്കുമെന്ന ചർച്ചകൾ വരെയുണ്ടായിരുന്നു.
പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിലല്ല, മുംബൈക്കായി അഞ്ചുകിരീടങ്ങൾ നേടിയ രോഹിത് ശർമയോട് ടീം മാനേജ്മെന്റ് അനീതി കാണിച്ചുവെന്ന തോന്നലാണ് ആരാധകരെ ക്ഷുഭിതരാക്കുന്നത്. ആരാധകരെ മാത്രമല്ല, ടീമംഗങ്ങൾക്ക് പോലും അതിൽ അസ്വസ്ഥതയുണ്ട്. മുംബൈയിലേക്കുള്ള പാണ്ഡ്യയുടെ മടങ്ങിവരവിനെ സോഷ്യൽ മീഡീയയിൽ പോലും ഒരു സഹതാരവും സ്വാഗതം ചെയ്തിരുന്നില്ല. പാണ്ഡ്യ ക്യാപ്റ്റനായതിന് പിന്നാലെയുള്ള ബുംറ അടക്കമുള്ളവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും രോഹിതിന്റെ ഭാര്യ റിതിക കോച്ച് മാർക്ക് ബൗച്ചർക്കെതിരെ തുറന്നടിച്ചതുമെല്ലാം ഈ വിവാദങ്ങൾക്ക് എരിവ് പകർന്നു.
രോഹിതിനെ മാറ്റിയതിനാലല്ല, ഹാർദിക് പാണ്ഡ്യയുടെ ആറ്റിറ്റ്യൂഡും രീതികളുമാണ് ആരാധകരെ ക്ഷുഭിതരാക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ രോഹിതിനേക്കാൾ വൻമരമായ സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയെ ചെന്നൈ ക്യാപ്റ്റൻസിയിൽ നിന്നും മാറ്റി ഋതുരാജ് ഗ്വെയ്ക് വാദിന്റെ പകരക്കാനാക്കുമ്പോൾ പ്രതിഷേധങ്ങളുയരാത്തത് പലരും ഉദാഹരണമായി കാണിക്കുന്നു. എന്നാൽ ഋതുരാജിന് ക്യാപ്റ്റൻസി നൽകുന്നത് ധോണിയുടെ അറിവോടെയാണെന്നും മുംബൈയിൽ സംഭവിച്ചത് അതല്ലെന്നും വാദിക്കുന്നവരുമുണ്ട്. പക്ഷേ 2017ൽ ധോണിയുണ്ടായിരിക്കെത്തന്നെ റൈസിങ് പുനെ സൂപ്പർ ജയന്റ്സ് നായകനായി സ്റ്റീവ് സ്മിത്തിനെ തെരഞ്ഞെടുത്തപ്പോളും പ്രതിഷേധങ്ങളുണ്ടായിരുന്നില്ല.
ആരെയും കൂസാത്ത പാണ്ഡ്യയുടെ ആറ്റിറ്റ്യൂഡ്, ആഡംബര ജീവിത ശൈലി, വിവാദ അഭിമുഖങ്ങൾ, ജസ്പ്രീത് ബുംറയടക്കമുള്ള മുംബൈ താരങ്ങളെ ഉപയോഗപ്പെടുത്തുന്ന രീതി ഇതിനെല്ലാം പുറമെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാനാകാത്തത് എന്നിവയെല്ലാം പാണ്ഡ്യക്ക് മേലുള്ള വെറുപ്പിന് ആക്കം കൂട്ടുന്നതായാണ് വിലയിരുത്തപ്പെടുന്നത്. രോഹിതിന്റെ ശിക്ഷണത്തിൽ വളർന്ന പാണ്ഡ്യ രോഹിതിനെത്തന്നെ നിയന്ത്രിക്കുന്നതിലുള്ള രോഷം, നാട്ടുകാർ തന്നെയുള്ളപ്പോൾ വഡോദരക്കാനായ പാണ്ഡ്യ നയിക്കുന്നതിൽ മുംബൈക്കാർക്കുള്ള ദേഷ്യംതുടങ്ങിയവയും വെറുപ്പ് വർധിപ്പിക്കുന്നതായി പറയപ്പെടുന്നു.
പൊതുവേ യൂറോപ്യൻ ഫുട്ബോളിൽ കാണുന്ന ഹൂളിഗാനിസത്തിന് സമാനമായാണ് പാണ്ഡ്യക്കെതിരെ രോഷമുയരുന്നതെന്ന് കാണാം. കെവിൻ പീറ്റേഴ്സൺ അടക്കമുളള വിദേശ താരങ്ങൾ പോലും ഈ കൂവലുകൾ കണ്ട് അമ്പരന്നു. എന്നാൽ പോയ മൂന്നുസീസണുകളിലും പരാജയമായ മുംബൈ ഇന്ത്യൻസിന് ഈ തലമാറ്റം അത്യാവശ്യമാണെന്നാണ് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നത്.സീസണിൽ മുംബൈയുടെയും പാണ്ഡ്യയുടെയും പ്രകടനം മെച്ചപ്പെടുന്നതിന് അനുസരിച്ച് ആരാധക രോഷം തണുക്കുമെന്നും അവർ വിശ്വസിക്കുന്നു. പാണ്ഡ്യയുടെ മോശം പ്രകടനത്തെ വിമർശിക്കുന്നവർ രോഹിത് ശർമയുടെ മോശം പ്രകടനങ്ങളെ കാണാതെ പോകുന്നുവെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്തൊക്കെയായാലും കാര്യങ്ങൾ കുറച്ചുകൂടി നന്നായി ഡീൽ ചെയ്യാമായിരുന്നുവെന്ന് മുംബൈ മാനേജ്മെന്റ് ഇപ്പോൾ വിശ്വസിക്കുന്നുണ്ട്. പാണ്ഡ്യയിൽ തന്നെ വിശ്വസിച്ച് ടീം മാനേജ്മെന്റ് മുന്നോട്ടുപോകുമോ അതോ രോഹിതിനെ തിരികെ വിളിക്കുമോ എന്ന് കാത്തിരുന്ന് കാണാം.