പാകിസ്താന് വേണ്ടി കളിക്കാതെ ബിഗ്ബാഷ് ടി20ക്ക് പോയി; ഹാരിസ് റൗഫിനെതിരെ കടുത്ത നടപടിയുമായി പാക് ക്രിക്കറ്റ് ബോർഡ്
|2024 ജൂൺ30 വരെ വിദേശ ലീഗുകളിൽ കളിക്കാനുള്ള അനുമതിയും ഹാരിസിന് നിഷേധിച്ചു
ലാഹോർ: പേസ് ബൗളർ ഹാരിസ് റൗഫിനെതിരെ കടുത്ത നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. താരവുമായുള്ള കരാറുകളെല്ലാം ബോർഡ് അവസാനിപ്പിച്ചു. പാകിസ്താൻ ടെസ്റ്റ് ടീമിന്റെ ഭാഗമാകാതെ ആസ്‌ട്രേലിയയിലെ ബിഗ്ബാഷ് ടി20 ടൂര്‍ണമെന്റ് കളിക്കാൻ പോയതാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്.
പുറമെ 2024 ജൂൺ30 വരെ വിദേശ ലീഗുകളിൽ കളിക്കാനുള്ള അനുമതിയും നിഷേധിച്ചു. ഇതോടെ ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കഴിയുന്നതുവരെ ഹാരിസ് റൗഫിന് വിദേശ ടി20 ലീഗുകളിലും കളിക്കാനാവില്ല. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഒഴിവാക്കിയാണ് താരം ബിഗ്ബാഷ് ടൂർണമെന്റിന്റെ ഭാഗമായത്.
ആസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിന്ന് വിശ്രമം വേണമെന്ന് ഹാരിസ് റൗഫ് പാക് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ടീം വിട്ട ഹാരിസ് റൗഫ് ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കുകയും ചെയ്തു.
മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുകയോ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാതെ ഹാരിസ് റൗഫ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നിന്നതിനാലാണ് കരാര്‍ റദ്ദാക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ 0-3ന്‍റെ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. ഉതും റൗഫിനെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാക്കി.