Cricket
പാകിസ്താനെതിരെയുള്ള തോൽവിക്ക് കാരണം തുറന്ന് പറഞ്ഞ് ഹർമൻപ്രീത് കൗർ
Cricket

പാകിസ്താനെതിരെയുള്ള തോൽവിക്ക് കാരണം തുറന്ന് പറഞ്ഞ് ഹർമൻപ്രീത് കൗർ

Web Desk
|
8 Oct 2022 1:04 PM GMT

13 റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ തോൽവി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടിയത്.

വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഞെട്ടിപ്പിക്കുന്ന തോൽവിയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം ഏറ്റുവാങ്ങിയത്. 13 റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ തോൽവി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് 124 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇപ്പോഴിതാ ടീമിന്റെ തോൽവിയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മധ്യനിരയിലെ പരീക്ഷണമാണ് തോൽവിക്ക് കാരണമായതെന്നാണ് ഹർമൻ പ്രീതിന്റെ വിശദീകരണം.

ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരായ 41 റൺസിന്റെ വിജയത്തിന് ശേഷം, മലേഷ്യക്കെതിരെയും യുഎഇക്കെതിരെയും ബാറ്റിങ് ഓർഡറിൽ ഇന്ത്യ പരീക്ഷണം നടത്തുകയായിരുന്നു, അത് വിജയത്തിന് കാരണവുമായി. വെള്ളിയാഴ്ച നടന്ന പാകിസ്ഥാനെതിരായ മത്സരത്തിൽ ദയാലൻ ഹേമലത, പൂജ വസ്ത്രകർ, ദീപ്തി ശർമ്മ എന്നിവരെ ബാറ്റിങ്ങിന് അയച്ചു, ഹർമൻപ്രീത് തന്റെ പതിവ് നാലാം സ്ഥാനത്തിന് പകരം ഏഴാം നമ്പറിൽ ഇറങ്ങി. എന്നാൽ പരീക്ഷണം ആഗ്രഹിച്ച ഫലം നൽകുന്നതിൽ പരാജയപ്പെട്ടു.

''ബാറ്റിംഗിന് അവസരം ലഭിക്കാത്ത താരങ്ങൾക്ക് മധ്യനിരയിൽ കളിക്കാൻ സാഹചര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ആ തീരുമാനം തിരിച്ചടിച്ചു. പിന്തുടർന്ന് ജയിക്കാവുന്ന സ്‌കോറായിരുന്നത്. എന്നാൽ മധ്യ ഓവറുകളിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ സാധിച്ചില്ല. ലോകകപ്പിന് മുമ്പ് പുതുതായി ടീമിലെത്തിയ എല്ലാ താരങ്ങൾക്കും അവശ്യമായ മത്സരങ്ങൾ കളിക്കാൻ കഴിയണം. ടീമിലുള്ള താരങ്ങൾക്ക് വലിയ അവസരമാണിത്. ഒരു ടീമിനേയും കുറച്ച് കാണുന്നില്ല. തോൽവിയും ജയവും മത്സരത്തിന്റെ ഭാഗമാണ്. അവർ നന്നായി കളിച്ചു. വിജയമർഹിക്കുന്നു. ചില ഏരിയകളിൽ ഇന്ത്യൻ ടീം മെച്ചപ്പെടാനുണ്ട്.'' ഹർമൻപ്രീത് വ്യക്തമാക്കി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 13 പന്തിൽ നിന്ന് 26 റൺസ് എടുത്ത റിച്ചാ ഘോഷ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇന്ത്യൻ സ്‌കോർ 23ൽ എത്തിയപ്പോൾ തന്നെ ഓപ്പണർ മേഘ്നയെ പാകിസ്താൻ മടക്കി. സ്‌കോർ ബോർഡിൽ 6 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 2 റൺസെടുത്ത ജെമിമയാണ് മടങ്ങിയത്.പിന്നീട് കരുതലോടെ സ്മൃതി മന്ദാനയും ഹേമലതയും ബാറ്റുവീശിയെങ്കിലും സ്‌കോർ 50 ൽ എത്തിനിൽക്കെ മന്ദാന പുറത്തായി. 17 റൺസ് എടുത്താണ് മന്ദാന പുറത്തായത്. പിന്നീടെത്തിയ ബാറ്റർമാരെല്ലാം സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഇടക്കിടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താനായി നഷ്ര സന്ദു മൂന്നും നിദ ദാർ,സാദിയ ഇക്ബാൽ എന്നിവർ രണ്ട് വിക്കറ്റുനേടി.

അതേസമയം, ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യ 59 റൺസിന് ജയിച്ചു. ബാറ്റു കൊണ്ടും ബൗള് കൊണ്ടും തിളങ്ങിയ ഷെഫാലിയുടെ മികവിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.

Similar Posts