ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്
|വ്യക്തിപരമായ കാണങ്ങളാലാണ് പിന്മാറ്റം. ബ്രൂക്ക് ഉടന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി
ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. വ്യക്തിപരമായ കാണങ്ങളാലാണ് പിന്മാറ്റം. ബ്രൂക്ക് ഉടന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.ഡാന്‍ ലോറന്‍സിനെ ഹാരി ബ്രൂക്കിന്റെ പകരക്കാരനായി പ്രഖ്യാപിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് നടപ്പിലാക്കിയ ബാസ്ബോള്‍ ശൈലിയുടെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളാണ് മധ്യനിരയില്‍ തകര്‍ത്തടിക്കുന്ന ഹാരി ബ്രൂക്ക്. മാര്‍ച്ച് അവസാനവാരം തുടങ്ങുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ബ്രൂക്ക് കളിക്കാനെത്തുമോ എന്നകാര്യം വ്യക്തമല്ല.
മധ്യനിരയില്‍ തകര്‍ത്തടിക്കുന്ന താരത്തിന്റെ അഭാവം ഇംഗ്ലീഷ് ടീമിന് തിരിച്ചടിയാകും. 12 ടെസ്റ്റില്‍ നിന്ന് 62.15 ശരാശരിയില്‍ നാല് സെഞ്ചുറികളടക്കം 1181 റണ്‍സ് നേടിയ താരമാണ് ബ്രൂക്ക്.
ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്നോടിയായി അബുദബിയില്‍ നടന്നുവരുന്ന ഇംഗ്ലണ്ടിന്റെ പ്രത്യേക പരിശീലന ക്യാമ്പിന്റെ ഭാഗമായിരുന്നു ബ്രൂക്ക്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഇംഗ്ലണ്ട് ടീം യുഎഇയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ഈ മാസം 25ന് ഹൈദരാബാദിലാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നത്.