ന്യൂസിലാൻഡിനെതിരായ അവസാന ടെസ്റ്റ്; യുവ പേസറെ സ്ക്വാഡിൽ ഉൾപ്പെടുത്തി ഇന്ത്യ
|രഞ്ജി ട്രോഫിയിൽ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ഹർഷിത് റാണ പുറത്തെടുത്തത്.
മുംബൈ: ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്ക്വാഡിൽ യുവ പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തി. ആദ്യ രണ്ട് ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഇതിനകം പരമ്പര നഷ്ടമായിരുന്നു. വെള്ളിയാഴ്ച വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
നേരത്തെ ബെംഗളൂരു ടെസ്റ്റിൽ ഇന്ത്യയുടെ ട്രാവലിങ് റിസർവ്വായി റാണ ടീമിലുണ്ടായിരുന്നെങ്കിലും പിന്നീട് രഞ്ജി ട്രോഫിയിൽ പങ്കെടുക്കാൻ മടങ്ങിയിരുന്നു. ഡൽഹിക്കായി കളത്തിലിറങ്ങിയ താരം അസമിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും എട്ടാമനായി ക്രീസിലെത്തി അർധ സെഞ്ച്വറി നേടുകയും ചെയ്തു. അടുത്തമാസം ആസ്ത്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലും താരം സ്ഥാനംപിടിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറ നയിക്കുന്ന ആറ് പേരടങ്ങുന്ന സീം അറ്റാക്കിന്റെ ഭാഗമാകും റാണ.
Harshit Rana picked 5/80 & scored 59 in 78 balls in the 1st innings in Ranji trophy. pic.twitter.com/KSTiq0f5la
— Mufaddal Vohra (@mufaddal_vohra) October 28, 2024
കഴിഞ്ഞ മാസം ദുലീപ് ട്രോഫിയിൽ കളിച്ച ഹർഷിത് റാണ രണ്ട് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച ഫോമിൽ കളിച്ചതോടെയാണ് താരം ശ്രദ്ധനേടിയത്.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, അക്സർ പട്ടേൽ, ധ്രുവ് ജുറെൽ, കെ എൽ രാഹുൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.