ത്രില്ലറിൽ ഇന്ത്യ വീണു; 28 റൺസിന്റെ ജയവുമായി ഇംഗ്ലണ്ട്
|ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം ഹാട്ലിയാണ് ഇന്ത്യയെ വീഴ്ത്തിയത്. സ്കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ: 436,202, ഇംഗ്ലണ്ട്: 246,420
ഹൈദരാബാദ്: മത്സരഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരായ 28 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയർത്തിയ 231 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 202 റൺസിൽ എല്ലാവരും പുറത്താകുകയായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം ഹാട്ലിയാണ് ഇന്ത്യയെ വീഴ്ത്തിയത്.
സ്കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ: 436,202, ഇംഗ്ലണ്ട്: 246,420
ആദ്യ ഇന്നിങ്ലിൽ 100 റൺസിലേറെ നേടിയിട്ടും ഇന്ത്യ ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിൽ തോൽവി വാങ്ങുന്നത്. ഇംഗ്ലണ്ടാവട്ടെ ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ ലീഡാണ് വഴങ്ങിയത്. എന്നിട്ടും അവർക്ക് 231 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡ് നേടാനായി. 196റണ്‍സ് നേടിയ ഒലിപോപ്പാണ് ഇതിന് വഴിയൊരുക്കിയത്.
രണ്ടാം ഇന്നിങ്സിന്റെ ഒരു ഘട്ടത്തിൽ ഇന്ത്യ, 119ന് ഏഴ് എന്ന തകർന്ന നിലയിലായിരുന്നു. വേഗത്തിൽ കളി അവസാനിപ്പിക്കും എന്ന് തോന്നിച്ചിടത്ത് നിന്ന് എട്ടാം വിക്കറ്റിൽ ഇന്ത്യയെ കെ.എസ് ഭരതും രവിചന്ദ്ര അശ്വിനും ചേര്‍ന്ന് മോഹിപ്പിച്ചു. പതിയെ ഇന്നിങ്സ് കെട്ടിപ്പൊക്കിയ സഖ്യം 50 റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. അതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. എന്നാൽ ഹാർട്ലിയുടെ മികച്ചൊരു പന്തിൽ ഭരത്(28) ക്ലീൻബൗൾഡ്. പിന്നാലെ ഹാർട്ലിയെ തന്നെ ക്രീസിന് വെളിയിലിറങ്ങി ശിക്ഷിക്കാൻ നോക്കിയ അശ്വിനും(28) വീണു.
താഴ്ന്നുവന്ന പന്ത് അശ്വിനെ ബീറ്റ് ചെയ്തു, വിക്കറ്റ് കീപ്പറുടെ കൈകളിൽ, ഫോക്സിന് സ്റ്റമ്പ് ചെയ്യാൻ സമയം ബാക്കിയായിരുന്നു. പിന്നാലെ അവസാന വിക്കറ്റിൽ ബുംറയും സിറാജും ആവേശം തന്നു. ഓടിയെടുത്തും ചില വമ്പനടികളിലൂടെയും സ്കോർബോർഡ് ചലിപ്പിച്ചെങ്കിലും ഹാർട്ലി വീണ്ടും ഇന്ത്യക്ക് വില്ലനായി. 12 റൺസെടുത്ത സിറാജും ക്രീസ് വിട്ടിറങ്ങി റണ്‍സ് കണ്ടെത്താനുള്ള വെപ്രാളത്തിൽ സ്റ്റമ്പ് ഔട്ട് ആയി.
231 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 42 റൺസ് വരെ വിക്കറ്റ് പോകാതെ നിന്നെങ്കിലും പിന്നെ പാളി. യശസ്വി ജയ്സ്വാളിനെ ടോം ഹാറ്റ്ലി ഒലിപോപ്പിന്റെ കൈകളിൽ എത്തിച്ചു. അതേ സ്കോറിൽ തന്നെ ശുഭ്മാൻ ഗില്ലിനെയും മടക്കി ഹാറ്റ്ലി ഇന്ത്യക്ക് രണ്ടാം പ്രഹരം നൽകി. അക്കൗണ്ട് തുറക്കുംമുമ്പെ ഒല്ലിപോപ്പിന്റെ തന്നെ ക്യാച്ചിലായിരുന്നു ഗില്ലിന്റെ മടക്കം. പിന്നെ കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ വിക്കറ്റുകൾ വീണു. മികച്ചൊരു കൂട്ടുകെട്ട് പിറക്കാതെ വന്നതോടെ ഇന്ത്യ 107ന് അഞ്ച് എന്ന നിലയിൽ എത്തി. 39 റൺസ് നേടിയ രോഹിത് ശർമ്മയാണ് ടോപ് സ്കോറർ.
196 റൺസാണ് ഒലി പോപ് അടിച്ചെടുത്തത്. ഡബിൾ സെഞ്ച്വറിക്ക് നാല് റൺസ് അകലെ ബുംറയാണ് പോപിനെ മടക്കിയത്. പോപിന്റെ ഒറ്റയാൾ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച ലീഡ് നേടിക്കൊടുത്തത്. മറ്റു ഒരു ബാറ്റർപോലും അർധ സെഞ്ച്വറി നേടിയില്ല എന്നിടത്ത് നിന്നാണ് പോപിന്റെ ഇന്നിങിസിനെ വേറിട്ട് നിർത്തുന്നത്. ഒന്നാം ഇന്നിങ്സിൽ 246 റൺസിനാണ് ഇംഗ്ലണ്ട് ഓൾഔട്ടായത്. രണ്ടാം ഇന്നിങ്സിൽ എടുത്തത് 420 റൺസും. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചത് 436റണ്‍സിനായിരുന്നു.