'നിർണായകമായത് ഈ ഓവർ'; ആദ്യ ടി 20 യിൽ ഇന്ത്യയെ തോൽപ്പിച്ചതിനെ കുറിച്ച് വിൻഡീസ് താരം
|യുവ ടീം പിഴവുകൾ വരുത്തുമെന്നും എന്നാൽ അവ തിരിച്ചറിയുമെന്നും നാലു മത്സരങ്ങൾ മുന്നിലുണ്ടെന്നും ഹാർദിക് പാണ്ഡ്യ
ട്രിനിഡാഡ്: ഇന്ത്യയുടെ 200ാം അന്താരാഷ്ട്ര ടി 20യും വിൻഡീസിനെതിരെയുള്ള പരമ്പര്യയിൽ ആദ്യത്തെതുമായ മത്സരത്തിൽ സന്ദർശകർ പരാജയപ്പെട്ടിരിക്കുകയാണ്. കേവലം 150 റൺസെന്ന വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് വരെയാണെത്തിയത്. ഈ മത്സരത്തിലെ നിർണായക ഘട്ടത്തെ കുറിച്ച് മികച്ച ബൗളിംഗ് നടത്തിയ ജേസൺ ഹോൾഡർ പിന്നീട് പ്രതികരിച്ചു. 16ാം ഓവറാണ് നിർണായകമായതെന്നായിരുന്നു താരം വ്യക്തമാക്കിയത്. മത്സരത്തിൽ നേരത്തെ ഇന്ത്യൻ ബാറ്റർമാരെ പുറത്താക്കാനായെന്നും ഇത് വളരെ പ്രധാനമാണെന്നും ജേസൺ ഹോൾഡർ പറഞ്ഞു.
ഹോൾഡറെറിഞ്ഞ 16ാം ഓവറിലെ ആദ്യ പന്തിൽ നായകൻ ഹാർദിക് പാണ്ഡ്യ ബൗൾഡായി. മൂന്നാം പന്തിൽ സഞ്ജു സാംസൺ റണ്ണൗട്ടുമായി. കൈൽ മേയേഴ്സാണ് സഞ്ജുവിനെ റണ്ണൗട്ടാക്കിയത്. ഒരു റണ്ണും ഈ ഓവറിൽ ഹോൾഡർ വിട്ടുനൽകിയതുമില്ല. ഒരു റണ്ണും ഈ ഓവറിൽ ഹോൾഡർ വിട്ടുനൽകിയതുമില്ല. 19 റൺസ് വിട്ടു നൽകി രണ്ട് വിക്കറ്റാണ് ഹോൾഡർ വീഴ്ത്തിയത്. റെമാരിയോ ഷെപ്പേർഡും ഒബെഡ് മകേയും രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
അതേസമയം, തങ്ങൾ ചില പിഴവുകൾ വരുത്തിയെന്നും അതോടെ മത്സരം നഷ്ടമായെന്നും ഹാർദിക് പ്രതികരിച്ചു. യുവ ടീം പിഴവുകൾ വരുത്തുമെന്നും എന്നാൽ നാം അവ തിരിച്ചറിയുമെന്നും നാലു മത്സരങ്ങൾ മുന്നിലുണ്ടെന്നും താരം പറഞ്ഞു.
അതിനിടെ, മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഐസിസി മാച്ച് റഫറിമാർ ഇന്ത്യയ്ക്കും വിൻഡീസിനും പിഴയിട്ടു. ഇന്ത്യ മത്സര ഫീയുടെ അഞ്ച് ശതമാനവും വിൻഡീസ് പത്തു ശതമാനവുമാണ് ഒടുക്കേണ്ടത്. ഹാർദികും സംഘവും ഒരു ഓവറും റോവ്മൻ പവലും ടീമും രണ്ട് ഓവറുമാണ് വൈകിപ്പിച്ചത്.
ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിന് നാല് റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
അരങ്ങേറ്റക്കാരൻ തിലക് വർമയാണ് (22 പന്തിൽ 39) ഇന്ത്യയുടെ ടോപ് സ്‌കോറർ. സഞ്ജു സാംസൺ (12) റണ്ണൗട്ടായി. ജേസൺ ഹോൾഡർ, ഒബെദ് മക്കോയ്, റൊമാരിയ ഷെഫേർഡ് എന്നിവർ വിൻഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് 1-0ത്തിന് മുന്നിലെത്തി. ജേസൺ ഹോൾഡറാണ് കളിയിലെ താരം.
48 റൺസ് നേടിയ റോവ്മാൻ പവലാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. 32 പന്തുകളിൽ നിന്ന് മൂന്ന് വീതം ബൗണ്ടറിയും സിക്‌സറും അടങ്ങുന്നതായിരുന്നു പവലിന്റെ ഇന്നിങ്‌സ്.
നിക്കോളാസ് പുരാനും തിളങ്ങി. 40 റൺസാണ് പുരാൻ നേടിയത്. രണ്ട് വീതം സിക്‌സറും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പുരാന്റെ ഇന്നിങ്‌സ്. മറ്റുളളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. കൃത്യമായ ഇടവേളകിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തി. വാലറ്റത്ത് നിന്നും വിൻഡീസിന് കാര്യമായ സഹായം കിട്ടിയില്ല. ഹെറ്റ്മയർക്ക് പത്ത് റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
സ്ലോ ബോളുകളിൽ വിൻഡീസ് ബാറ്റർമാർക്ക് പന്ത് കണക്ട് ചെയ്യാനായില്ല. വിക്കറ്റ് നഷ്ടപ്പെടാതെ വിൻഡീസ് 29 റൺസ് വരെ കൊണ്ടുപോയെങ്കിലും പിന്നീട് ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു. ഇന്ത്യക്കായി പേസർമാരായ അർഷദീപ് സിങ് മുകേഷ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യക്കായി തിലക് വർമ്മ, മുകേഷ് കുമാർ എന്നിവർ ടി20യിൽ അരങ്ങേറി. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അടുത്ത മത്സരം ആഗസ്ത് ആറിനാണ്.
West Indies player Jason Holder on the turning point of defeating India in the first T20I