ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനത്തുക!
|കലാശപ്പോരില്‍ പരാജയപ്പെട്ടെങ്കിലും പാകിസ്താനുമുണ്ട് കൈ നിറയെ സമ്മാനങ്ങള്‍
മെല്‍ബണ്‍: 12 വര്‍ഷത്തിനിടെ മൂന്നാം ലോക കിരീടം. ടി 20 ലോകകപ്പില്‍ രണ്ടാം കിരീടം. ക്രിക്കറ്റ് ലോകത്തിന്റെ നെറുകെയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട്. ലോകകപ്പ് കലാശപ്പോരില്‍ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റും 6 പന്തും ബാക്കിനില്‍ക്കേയാണ് ഇംഗ്ലണ്ട് മറികടന്നത്. സ്റ്റാര്‍ ബാറ്റര്‍ ബെന്‍ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് ലോക കപ്പ് സമ്മാനിച്ചത്.
ലോകകിരീടം നേടിയ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനത്തുകയാണ്. സെപ്റ്റംബറിൽ ഐസിസി നടത്തിയ പ്രഖ്യാപനം അനുസരിച്ച് ടി20 ലോകകപ്പിൽ ചാമ്പ്യന്മാരാകുന്ന ടീമിന്റെ സമ്മാനത്തുക 1.6 മില്ല്യൺ യു എസ് ഡോളറാണ് (ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപ). കലാശപ്പോരില്‍ പരാജയപ്പെട്ടെങ്കിലും പാകിസ്താനുമുണ്ട് കൈ നിറയെ സമ്മാനങ്ങള്‍.
ലോകകപ്പ് റണ്ണേഴ്സപ്പിന് 0.8 ദശലക്ഷം ഡോളര്‍ ആണ് ലഭിക്കുക. (ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപ). സെമിയിലെത്തി പരാജയപ്പെടുന്ന രണ്ട് ടീമുകകള്‍ക്കുമായി എട്ട് ലക്ഷം ഡോളറാണ് ലഭിക്കുക, ഒരു ടീമിന് അപ്പോള്‍ നാല് ലക്ഷം ഡോളര്‍ ലഭിക്കും. ഇംഗ്ലണ്ടിനോട് സെമിയില്‍ തോറ്റ ഇന്ത്യയ്ക്കും പാകിസ്താനോട് സെമിയില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡിനും ഈ തുകയായിരിക്കും ലഭിക്കുക. നാല് ലക്ഷം ഡോളര്‍, ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം മൂന്ന് കോടി 22 ലക്ഷം രൂപയോളമുണ്ടാകും.
ഗ്രൂപ്പ് ഘട്ടത്തില്‍വിജയിച്ച സൂപ്പര്‍ 12 ലെത്തി പുറത്താകുന്ന ടീമുകളില്‍ ഓരോ ടീമിനും 70,000 ഡോളര്‍ വീതം ലഭിക്കും (56 ലക്ഷത്തോളം ഇന്ത്യന്‍ രൂപ). സൂപ്പര്‍ 12 ഘട്ടത്തില്‍ ജയിക്കുന്ന ഒരോ ജയത്തിനും ടീമുകള്‍ക്ക് 40,000 ഡോളര്‍ അധികം ലഭിക്കും (ഏകദേശം 32 ലക്ഷത്തോളം ഇന്ത്യന്‍ രൂപ).