ഒരു കോടി രൂപ, എല്ലാവർക്കും ബിഎംഡബ്ല്യു! രഞ്ജി കിരീടം നേടിയാൽ ഹൈദരാബാദ് ടീമിന് ലഭിക്കുന്നത്...
|ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമയാണ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റൻ
ഹൈദരാബാദ്: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും ബി.എം ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും വാഗ്ദാനം ചെയ്ത് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍.
രഞ്ജി പ്ലേറ്റ് ഗ്രൂപ്പില്‍ ഒന്നാമതെത്തി എലൈറ്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ ശേഷം കളിക്കാരെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് വമ്പന്‍ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്ലേറ്റ് ഗ്രൂപ്പ് ഫൈനലില്‍ മേഘാലയയെ തോല്‍പ്പിച്ച് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപ സമ്മാനവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50000 രൂപയും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദ് രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും നല്‍കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍മോഹന്‍ റാവു പ്രഖ്യാപിച്ചത്.
ഒരു വര്‍ഷം കൊണ്ട് രഞ്ജി ട്രോഫി നേടുക എന്നത് ചിലപ്പോള്‍ ശ്രമകരമായിരിക്കും. അതിനാലാണ് മൂന്ന് വര്‍ഷത്തെ സമയം അവര്‍ക്ക് അനുവദിച്ചത് എന്നാണ് ജഗന്‍ മോഹന്‍ പറയുന്നത്. ക്രിക്കറ്റിലെ സമഗ്രമായ മാറ്റത്തിനാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. ശക്തമായ ഒരു ക്രിക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ആവശ്യകതയും ബോര്‍ഡ് സംവിധാനം നവീകരിക്കാനുള്ള പദ്ധതികള്‍ളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ രണ്ടു വട്ടം മാത്രമാണ് ഹൈദരാബാദ് കിരീടം നേടിയിട്ടുള്ളത്. 1937–38, 1986–87 സീസണുകളിലായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ എലൈറ്റ് ഗ്രൂപ്പിൽ അവസാനം ഫിനിഷ് ചെയ്ത ഹൈദരാബാദ് പ്ലേറ്റ് ഗ്രൂപ്പിലേക്കു തരംതാഴ്ത്തൽ നേരിടേണ്ടിവന്നു. എന്നാൽ നിലവിലെ സീസണിൽ പ്ലേറ്റ് ഗ്രൂപ്പിൽ ഫൈനലിൽ മേഘാലയയെ കീഴടക്കി ഹൈദരാബാദ് അടുത്ത സീസണിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത ഉറപ്പാക്കി. ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമയാണ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റൻ.