'എന്റെ ഫോണിൽ ഇൻസ്റ്റയും ട്വിറ്ററുമില്ല, അത് നോക്കുന്നത് ഭാര്യ' - രോഹിത്
|"ടീമിലെ ഒരുപാട് പേര്‍ ക്യാപ്റ്റൻസിക്ക് അർഹരാണ്"
മുംബൈ: സമൂഹമാധ്യമങ്ങൾ സമയവും ഊർജ്ജവും പാഴാക്കുന്ന കാര്യങ്ങളാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. ഒമ്പത് മാസമായി ട്വിറ്ററും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
'കഴിഞ്ഞ ഒമ്പതു മാസമായി എന്റെ ഫോണിൽ ട്വിറ്ററോ ഇൻസ്റ്റഗ്രാമോ ഇല്ല. ഏതെങ്കിലും വാണിജ്യ പോസ്റ്റുകൾ ഇടണമെങ്കിൽ അതെന്റെ ഭാര്യയാണ് നോക്കുന്നത്. ഇവ സമയവും ഊർജവും പാഴാക്കുന്ന, ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടാണ് അതു വേണ്ടെന്ന തീരുമാനത്തിലെത്തിയത്.' - രോഹിത് പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നതിന്റെ സംതൃപ്തിയും അദ്ദേഹം പങ്കുവച്ചു. ''ടീമിലെ ഒരുപാട് പേര്‍ ക്യാപ്റ്റൻസിക്ക് അർഹരാണ്. ഇപ്പോൾ എന്റെ ഊഴത്തിനായി കാത്തിരിക്കുന്നു. വിരാട് എന്റെ മുമ്പുണ്ടായിരുന്ന ക്യാപ്റ്റനാണ്. നേരത്തെ ധോണിയായിരുന്നു. ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, യുവരാജ് സിങ് എന്നിവരൊക്കെ ഇന്ത്യൻ ടീമിലെ അതികായരായിരുന്നു. അവർ ഇന്ത്യയെ നയിച്ചിട്ടില്ല. അതാണ് ജീവിതം. ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ കപ്പടിക്കുമോ എന്ന ചോദ്യത്തിന് നയതന്ത്രജ്ഞതയോടെയാണ് രോഹിത് മറുപടി നൽകിയത്. 'അതിനെനിക്ക് നേരിട്ട് ഉത്തരമില്ല. ടീം നല്ല നിലയിലാണ്. എല്ലാവരും പൂർണ ആരോഗ്യവാന്മാരാണ്. അതിനപ്പുറം ഒന്നും പറയാനാകില്ല' - അദ്ദേഹം പറഞ്ഞു.