'എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു': ലോകകപ്പ് തോൽവിയിൽ ആദ്യമായി മനസ് തുറന്ന് രോഹിത്
|തന്റെ കുടുംബവും കൂട്ടുകാരും തനിക്ക് പിന്തുണ നൽകി. തീർച്ചയായും അത് ഗുണം ചെയ്തു
മുംബൈ: ഏകദിന ലോകകപ്പ് കിരീട പോരാട്ടത്തില്‍ ആസ്ട്രേലിയയോട് ഏറ്റ പരാജയം താങ്ങാവുന്നതിലപ്പുറമായിരുന്നെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഫൈനലിന് ശേഷം ആദ്യമായാണ് രോഹിത് പ്രതികരിക്കുന്നത്.
തോല്‍വിയില്‍ നിന്ന് എങ്ങനെ കരകയറണമെന്ന് അറിയില്ലായിരുന്നു. പ്രത്യേകിച്ചും ഫൈനൽ വരെ ഇന്ത്യ കളിച്ച രീതി കണക്കിലെടുക്കുമ്പോൾ- രോഹിത് പറഞ്ഞു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
''തന്റെ കുടുംബവും കൂട്ടുകാരും തനിക്ക് പിന്തുണ നൽകി. തീർച്ചയായും അത് ഗുണം ചെയ്തു. ജീവിതം മുന്നോട്ടുപോകുകയാണ്. തനിക്കും മുന്നോട്ടുപോകേണ്ടതുണ്ട്. പക്ഷേ അത് അത്ര എളുപ്പമല്ല. ഞാന്‍ ഏകദിന ലോകകപ്പുകൾ കണ്ടാണ് വളർന്നത്. ഏകദിന ലോകകപ്പ് വിജയിക്കുകയെന്നതാണ് ഏറ്റവും വലിയ സന്തോഷം''-രോഹിത് പറഞ്ഞു.
'തോല്‍വി ഉള്‍ക്കൊള്ളല്‍ എളുപ്പമായിരുന്നില്ല. ഏകദിന കിരീടം നേടിയെടുക്കാനാണ് ഞങ്ങള്‍ ഇത്രയും നാള്‍ ശ്രമിച്ചത്.ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ അത് വളരെയധികം നിരാശയുണ്ടാക്കും. സ്വപ്നം കണ്ടത് നഷ്ടപ്പെട്ടപ്പോള്‍ എനിക്കും ബുദ്ധിമുട്ട് തോന്നി. ലോകകപ്പ് നഷ്ടത്തിന് ശേഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കുടുംബവും, സുഹൃത്തുക്കളൊക്കെയാണ് കാര്യങ്ങള്‍ ലളിതമാക്കിയത്. ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമായിരുന്നത്. പക്ഷേ ജീവിതത്തില്‍ മുന്നോട്ട് പോകണം.' രോഹിത് കൂട്ടിച്ചേര്‍ത്തു.