Cricket
InZamamul haq- Virendr Sewagഇന്‍സമാമുല്‍ ഹഖ്- വീരേന്ദര്‍ സെവാഗ്
Cricket

'ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്ററാണ് ഇൻസമാമുൽ ഹഖ്‌': പുകഴ്ത്തി വീരേന്ദർ സെവാഗ്‌

Web Desk
|
4 Jun 2023 10:50 AM GMT

''10 ഓവറിൽ 80 റൺസ് ആവശ്യമുള്ളപ്പോൾ ഏതൊരു ബാറ്ററും പരിഭ്രാന്തനാകും. എന്നാൽ ഇന്‍സി എപ്പോഴും ആത്മവിശ്വാസത്തിലായിരിക്കും''

മുംബൈ: മുൻ പാക് നായകൻ ഇൻസമാമുൽ ഹഖിനെ പുകഴ്ത്തി വീരേന്ദർ സെവാഗ്. ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റർ ഇൻസമാമുൽ ഹഖ് ആണെന്ന് സെവാഗ് പറഞ്ഞു. 'എല്ലാവരും സച്ചിനെക്കുറിച്ചാണ് പറയുന്നത്, എന്നാൽ ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റർ ഇൻസമാമുൽ ഹഖാണ്- ഒരു യുട്യൂബ് ചാനലിനോട് സെവാഗ് പറഞ്ഞു.

''ഇന്ത്യ, ശ്രീലങ്ക പാകിസ്താൻ എന്നിവിടങ്ങളിലെ ഏറ്റവും മികച്ച മധ്യനിര ബാറ്ററുടെ കാര്യം വരുമ്പോൾ ഇൻസിയോളം മികച്ചൊരു ബാറ്ററെ ഞാൻ കണ്ടിട്ടില്ല, ചേസിങിൽ റൺറേറ്റിൽ പരിഭ്രാന്തനാകാതെ ബാറ്റ് ചെയ്യുന്നു എന്നതാണ് ഇൻസമാമുൽ ഹഖിന്റെ സവിശേഷത''-സെവാഗ് പറഞ്ഞു. ഓവറിൽ എട്ട് റൺസ് സ്‌കോർ ചെയ്യുന്നതിനെക്കുറിച്ച് പറയുമ്പോള്‍ അതൊന്നും പേടിക്കേണ്ട കാര്യമല്ലെന്നും എളുപ്പത്തിൽ റൺസെടുക്കാനാവുമെന്നും അദ്ദേഹം പറയും. 10 ഓവറിൽ 80 റൺസ് ആവശ്യമുള്ളപ്പോൾ ഏതൊരു ബാറ്ററും പരിഭ്രാന്തനാകും. എന്നാൽ അദ്ദേഹം എപ്പോഴും ആത്മവിശ്വാസത്തിലായിരിക്കും- സെവാഗ് പറഞ്ഞു.

ഇൻസമാമുല്‍ ഹഖിനെ കബളിപ്പിച്ച് സിക്സറടിച്ച സംഭവവും സെവാഗ് ഓര്‍ത്തെടുത്തു. ആ വാക്കുകള്‍ ഇങ്ങനെ;

''2005-ലായിരുന്നു അത്. കനേരിയ (ഡാനിഷ്) എന്റെ പാഡ് ലക്ഷ്യമാക്കി എറിയുകയാണ്. സ്കോറിങ് തടയുകയാണ് ലക്ഷ്യം. ഒന്നോ രണ്ടോ ഓവർ ഞാൻ മുട്ടിക്കളിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'ഇൻസി ഭായ്, കുറച്ച് സമയമായി ഇങ്ങനെ എറിയുന്നു, എന്റെ കാലുകൾക്കും വേദനിക്കുന്നു, എത്ര നേരം ഇതിങ്ങനെ കൊണ്ടുപോകും.

സർക്കിളിനുള്ളിലെ ഫീൽഡറെ മാറ്റാന്‍ ഞാൻ ഇന്‍സിയോട് ആവശ്യപ്പെട്ടു. മാറ്റിയാല്‍ എന്തുചെയ്യുമെന്ന് ഇന്‍സി എന്നോട് ചോദിച്ചു. സിക്സറിടിക്കുമെന്ന് പറഞ്ഞപ്പോള്‍ നീ തമാശ പറയുകയാണന്നായി ഇന്‍സി. സിക്സറിച്ചില്ലെങ്കില്‍ ഫീല്‍ഡറെ തിരിച്ചയച്ചോ എന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം അക്കാര്യം സമ്മതിച്ചു. ലോങ് ഓണ്‍ ഫീല്‍ഡറെ വിളിച്ച് അടുത്ത് നിറുത്തി. എന്നാല്‍ ഇതൊന്നും അറിയായെ കനേരിയ ഗൂഗ്ലി എറിഞ്ഞു. ഞാന്‍ ലോങ് ഓണിന് മുകളിലൂടെ ആ പന്ത് സിക്സര്‍ പറത്തി. ഇതോടെ കനേരിയക്ക് ദേഷ്യം വന്നു. എന്തിനാണ് ഫീല്‍ഡറെ അവിടെ നിന്ന് മാറ്റിയതെന്ന് കനേരിയ ഇന്‍സിയോട് ചോദിച്ചു. മിണ്ടാതെ പന്തെറിയൂ എന്നായിരുന്നു ഇന്‍സിയുടെ അപ്പോഴത്തെ പ്രതികരണം- സെവാഗ് പറഞ്ഞു.

Similar Posts