'ഞാനാണെങ്കിൽ സഞ്ജുവിനെയും കിഷനെയും ടീമിലെടുക്കും'; ആദ്യ ടി20യെ കുറിച്ച് വസീം ജാഫർ
|ടീം ഇന്ത്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്തുവന്നു
ട്രിനിഡാഡ്: ഏകദിന പരമ്പര വിജയിച്ച ഇന്ത്യ വെസ്റ്റിൻഡീസിനെതിരെയുള്ള ആദ്യ ടി 20 മത്സരം ഇന്ന് കളിക്കുകയാണ്. ഈ സാഹചര്യത്തിൽ അവസാന ഏകദിന മത്സരങ്ങളിൽ കളിച്ച താരങ്ങളിൽ ആരൊക്കെ ഇന്ന് ടീമിൽ ഇടംനേടുമെന്ന ചർച്ചകളാണ് നടക്കുന്നത്. അവസാന ഏകദിനത്തിൽ അർധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസൺ ഇന്ന് കളിക്കുമോയെന്ന് ആരാധകർ ഉറ്റുനോക്കുകയാണ്. ഈ സാഹചര്യത്തിൽ മൂന്നു ഏകദിനത്തിലും അർധസെഞ്ച്വറി നേടിയ ഇഷൻ കിഷനെയും സഞ്ജു സാംസണെയും ടീമിലേക്ക് നിർദേശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ടി20 മത്സരത്തിന് അനുയോജ്യമായ ആക്രമണ ക്രിക്കറ്റ് കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാരായ ഇരുവരെയും ടീമിലെടുക്കണമെന്ന് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോട് സംസാരിക്കവേ അദ്ദേഹം നിർദേശിക്കുകയായിരുന്നു.
'ഞാൻ ഇരുവരെയും (ടീമിൽ) ഉൾപ്പെടുത്തും. ഇത് അവരുടെ ഫോർമാറ്റാണ്. ഇഷൻ കിഷൻ ഏകദിന പരമ്പരയിൽ മൂന്നു അർധ സെഞ്ച്വറിയടിച്ചു. അദ്ദേഹം നല്ല ഫോമിലാണ്. ഈ ഫോർമാറ്റിൽ വളരെ അതിശയം സൃഷ്ടിക്കുന്ന താരമാണ് സഞ്ജു. ഞാനാണെങ്കിൽ പരമാവധി മുതലെടുക്കാൻ രണ്ടു പേരെയും കളിപ്പിക്കും' വസീം ജാഫർ പറഞ്ഞു.
കിഷന് 27 ടി20 മത്സരങ്ങളിൽ നിന്നായി 653 റൺസാണുള്ളത്. 25.11 ശരാശരിയും 122.74 സ്ട്രൈക്ക് റൈറ്റുമാണുള്ളത്. എന്നാൽ സഞ്ജു 17 ടി20 മത്സരങ്ങളിൽ നിന്ന് 301 റൺസാണ് അടിച്ചിട്ടുള്ളത്. 20.06 ശരാശരിയും 133.77 സ്ട്രൈക്ക് റൈറ്റുമാണ് മലയാളി താരത്തിന്റേത്.
ബൗളിംഗിൽ അർഷദീപാണ് ഒന്നാം നമ്പറെന്നും ആവേശ് ഖാനെയോ മുകേഷ് കുമാറിനെയോ ഒപ്പം തിരഞ്ഞെടുക്കാമെന്നും വസീം ജാഫർ അഭിപ്രായപ്പെട്ടു.
അതിനിടെ, ടീം ഇന്ത്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്തുവന്നു. സഞ്ജു സാംസണടക്കമുള്ള താരങ്ങൾ വീഡിയോയിലുണ്ട്. ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് ടി ട്വൻറി പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്.
രോഹിത് ശർമയും വീരാട് കോഹ്ലിയും മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാൾ ഇന്ന് ടി ട്വൻറിയിൽ അരങ്ങേറ്റം കുറിച്ചേക്കും. മികച്ച ഫോമിലുള്ള ഗില്ലും ഇഷാൻ കിഷനും ഒരിക്കൽക്കൂടി ഓപ്പണിങ്ങിറങ്ങുമ്പോൾ ഇന്ത്യൻ ടീമിന് പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ നിക്കോളാസ് പൂരന്റെ തിരിച്ചുവരവിന്റെ കരുത്തിലാണ് വെസ്റ്റിൻഡീസ്. ഓൾറൗണ്ടർമാരായ ജേസൺ ഹോൾഡർ, ഒഡിയൻ സ്മിത്ത്, അകേൽ ഹൊസൈൻ എന്നിവരും വിൻഡീസ് ടീമിന് കരുത്തേകും.
I would take Sanju and Kishan in first T20 team: Wasim Jaffer