ലോകകപ്പുകളിൽ പുരുഷൻമാർക്കും വനിതകൾക്കും ഒരേ സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി
|ദുബൈ: ഐ.സി.സി ടൂർണമെന്റുകളിൽ പുരുഷൻമാർക്കും വനിതകൾക്കും ഒരേ സമ്മാനത്തുക നൽകുമെന്ന് പ്രഖ്യാപിച്ച് ഐ.സി.സി. യു.എ.ഇയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന വനിത ട്വന്റി 20 ലോകകപ്പ് മുതൽ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഐ.സി.സി അറിയിച്ചു.
പുരുഷ ലോകകപ്പുകളിലേതിന് സമാനമായ പാരിതോഷികം തന്നെയാകും ഇനി മുതൽ വനിത ലോകകപ്പുൾക്കുമുണ്ടാകുക. ഒരു പ്രധാന ടീം കായിക ഇനത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു തീരുമാനമെന്ന് ഐ.സി.സി പറഞ്ഞു.
വനിത ക്രിക്കറ്റർമാർക്ക് ഇതോടെ വലിയ ലാഭമാണുണ്ടാകുക. പോയവർഷത്തെ ട്വന്റി 20 ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 225 ശതമാനത്തിന്റെ വർധനവാണ് മൊത്തം പാരിതോഷികത്തിൽ നടപ്പാകുന്നത്. 2023ൽ ട്വന്റി 20 ലോകപ്പ് ജേതാക്കളായ ആസ്ട്രേലിയക്ക് എട്ടുകോടി രൂപയായിരുന്നു സമ്മാനത്തുകയായി ലഭിച്ചത്. എന്നാൽ ഈവർഷം ജേതാക്കളാകുന്ന ടീമിന് 19 കോടിയിലേറെ രൂപ ലഭിക്കും.
വനിത ക്രിക്കറ്റിന് ആഗോള വ്യാപകമായി പ്രചാരം നൽകുന്നതിനായാണ് ഈ തീരുമാനമെന്ന് ഐ.സി.സി അറിയിച്ചു. ബംഗ്ലാദേശിൽ നടത്താനിരുന്ന വനിത ട്വന്റി 20 ലോകകപ്പ് രാഷ്ട്രീയ കാരണങ്ങളാൽ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടബോർ മൂന്നുമുതൽ ടൂർണമെന്റിന് തുടക്കമാകും.