Cricket
indian cricket team

indian cricket team

Cricket

ന്യൂസിലൻഡിനെതിരെ സ്‌ലോ ഓവർ റൈറ്റ്; ഇന്ത്യയ്ക്ക് കനത്ത പിഴ ചുമത്തി ഐ.സി.സി

Sports Desk
|
20 Jan 2023 11:30 AM GMT

ഇന്ത്യ മൂന്നു ഓവർ കുറവ് വരുത്തിയെന്ന് മാച്ച് റഫറിമാരുടെ ഐ.സി.സി എലൈറ്റ് പാനലായ ജവഗൽ ശ്രീനാഥ് വിലയിരുത്തുകയായിരുന്നു

ഹൈദരാബാദ്: ന്യൂസിലൻഡിനെതിരെയുളള ആദ്യ ഏകദിനത്തിൽ സ്‌ലോ ഓവർ റൈറ്റ് വരുത്തിയ ഇന്ത്യയ്ക്ക് കനത്ത പിഴ ചുമത്തി ഐ.സി.സി. മത്സര ഫീയുടെ 60 ശതമാനമാണ് ടീം ഇന്ത്യ പിഴയിനത്തിൽ നൽകേണ്ടി വരിക. മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇന്ത്യ മൂന്നു ഓവർ കുറവ് വരുത്തിയെന്ന് മാച്ച് റഫറിമാരുടെ ഐ.സി.സി എലൈറ്റ് പാനലായ ജവഗൽ ശ്രീനാഥ് വിലയിരുത്തുകയായിരുന്നു. ഇക്കാര്യം ഇന്ത്യൻ നായകൻ രോഹിത് ശർമ സമ്മതിക്കുകയും ചെയ്തു.

'താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനുമുള്ള ഐ.സി.സി കോഡ് ഓഫ് കണ്ടക്ടിന്റെ 2.22 ആർട്ടിക്ൾ പ്രകാരം മിനിമം ഓവർ റൈറ്റ് പിഴവുകൾക്ക് മാച്ച് ഫീയുടെ 20 ശതമാനം വരെ പിഴയീടാക്കും. നിർണിത സമയത്തിനകം പൂർത്തിയാക്കാത്ത ഓരോ ഓവറിനുമാണ് ഈ തരത്തിൽ താരങ്ങളിൽ നിന്ന് പിഴ ഈടാക്കുക' ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


'ഓൺ ഫീൽഡ് അംപയർമാരായ അനിൽ ചൗധരി, നിതിൻ മേനോൻ, മൂന്നാം അംപയർ കെ.എൻ അനന്തപത്മനാഭൻ, നാലാം അംപയർ ജയരാമൻ മദനഗോപാൽ എന്നിവരും കുറ്റം ചുമത്തിയതായും പ്രസ്താവനയിൽ പറഞ്ഞു.


ബുധനാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്രാ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 12 റൺസിന് വിജയിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ 337 റൺസ് വരെയെത്തി കിവികൾ പരാജയം സമ്മതിക്കുകയായിരുന്നു.



മത്സരത്തിൽ ബാറ്റുകൊണ്ട് കാര്യമായ പിന്തുണ നൽകാൻ ഒരാളുമില്ലാതിരുന്നിട്ടും ഗിൽ തന്റെ വൺമാൻ ഷോയിലൂടെ കളം പിടിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററെന്ന നേട്ടവും ഒരുപിടി റെക്കോർഡുകളുമായി ഗിൽ എട്ടാം വിക്കറ്റായി മടങ്ങുമ്പോഴേക്കും ഇന്ത്യ കൂറ്റൻ സ്‌കോറിലേക്കെത്തിയിരുന്നു. 149 പന്തിൽ ഒൻപത് സിക്‌സറും 19 ബൌണ്ടറികളുമുൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്‌സ്.


ബൗളിംഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജ് കിവിപ്പടയെ ഒതുക്കുകയായിരുന്നു. 10 ഓവറിൽ 46 റൺസ് വിട്ടു നൽകി നാല് സുപ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ജനുവരി 21ന് റായ്പൂരിലും 24ന് ഇന്ദോറിലും അടുത്ത ഏകദിന മത്സരങ്ങൾ നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.

ICC fines India 60% of match fee for slow over rate in first ODI against New Zealand

Similar Posts