ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ച് ഐ.സി.സി
|സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നത്
കൊളംബോ:ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഐസിസി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ അത്തരത്തിലൊന്ന് ഇപ്പോഴില്ലെന്നാണ് ഐ.സി.സി കണ്ടെത്തിയിരിക്കുന്നത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്തതിന് ശേഷമുള്ള സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നെന്നും നിലവില്‍ ഐസിസി അംഗങ്ങള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ബോര്‍ഡ് ലംഘിക്കുന്നില്ലെന്നും ഐ.സി.സി ചൂണ്ടിക്കാട്ടി.
ബോര്‍ഡിന് മേല്‍ ലങ്കന്‍ സര്‍ക്കാര്‍ നടത്തുന്ന അനാവശ്യ ഇടപെടല്‍ മൂലമായിരുന്നു നടപടി. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മാനേജ്മെന്റ് അംഗങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കിയിരുന്നു. ലോകകപ്പിലെ ഒന്‍പത് മത്സരങ്ങളില്‍ ഏഴിലും ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. പിന്നാലെ മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി .
എന്നാൽ പിന്നീട് കോടതി ഈ നടപടി സ്റ്റേ ചെയ്തിരുന്നു. ഇത് ഐസിസി യുടെ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് വിലക്ക് വീഴുന്നത്.
Summary-ICC lifts suspension on Sri Lanka Cricket