രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ രാഹുലോ; സെലക്ഷൻ കമ്മിറ്റി പരിഗണനയിൽ രണ്ടിലൊരാൾ
|ഈമാസം അവസാനമോ അടുത്ത മാസം ആദ്യമോ ആയിരിക്കും ലോകകപ്പ് ടീമിലേക്കുള്ള ടീം പ്രഖ്യാപനം.
ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഒരൊറ്റ ഇന്നിങ്സിലൂടെ ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത് ലോകകപ്പ് സ്‌ക്വാർഡിലേക്കുള്ള പ്രവേശനം ഏതാണ്ട് ഉറപ്പിച്ച സ്ഥിതിയാണ്. ഐപിഎല്ലിലെ റൺവേട്ടക്കാരിൽ വിരാട് കോഹ്ലിക്കും ഋതുരാജ് ഗെയക്‌വാദിനും താഴെ മൂന്നാമത്. ഒൻപത് ഇന്നിങ്സുകളിൽ നിന്നായി 48.86 ശരാശരിയിൽ 334 റൺസാണ് ഡൽഹി താരം നേടിയത്.
ഇതോടെ രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കായി ഇനിയുള്ള മത്സരം. ലഖ്നൗ നായകൻ കെ.എൽ രാഹുലിനേയും മലയാളി താരവും രാജസ്ഥാൻ ക്യാപ്റ്റനുമായ സഞ്ജു സാംസണെയുമാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം സഞ്ജുവിനേക്കാൾ ചെറിയൊരു മുൻതൂക്കം രാഹുലിനാണെന്നാണ് പറയുന്നത്. വിദേശ പിച്ചുകളിൽ കളിച്ചുള്ള പരിചയവും ദേശീയ ടീമിലെ സമീപകാലത്തെ പ്രകടനവുമെല്ലാം ലഖ്നൗ താരത്തിന് അനുകൂല ഘടകമാകുന്നു. ഈമാസം അവസാനമോ അടുത്ത മാസം ആദ്യമോ ആയിരിക്കും ലോകകപ്പ് ടീമിലേക്കുള്ള ടീം പ്രഖ്യാപനം. അതിനാൽ ഇനിയുള്ള ഐപിഎൽ മത്സരവും നിർണായകമാകും. നിലവിൽ റൺവേട്ടക്കാരിൽ സഞ്ജു ഏഴാമതും രാഹുൽ പതിനൊന്നാമതുമാണ്.
ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിലും സെലക്ഷൻ കമ്മിറ്റി തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ ട്വന്റി 20 വൈസ് ക്യാപ്റ്റനായ ഹാർദികിന്റെ സ്ഥിരതയമില്ലായ്മ സെലക്ഷൻ കമ്മിറ്റിയെ അലട്ടുന്നു. ബൗളിങിലും പഴയ ഫോമിലേക്ക് ഇതുവരെയെത്താനായില്ല. ഇതോടെ താരത്തിന് പകരം മറ്റൊരു ഓൾറൗണ്ടറെയും ലക്ഷ്യമിടുന്നു. ചെന്നൈ സൂപ്പർ കിങ്സിനായി അടിച്ച് തകർക്കുന്ന ശിവം ദുബെയെയാണ് പരിഗണിക്കുന്നത്. എന്നാൽ ചെന്നൈക്കായി ഇതുവരെ ദുബൈ പന്തെറിയാത്തതും തിരിച്ചടിയാണ്.
സ്പിൻ ഓൾറൗണ്ടറെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ ഡൽഹി താരം അക്‌സർ പട്ടേലിനായിരിക്കും നറുക്ക് വീഴുക. കഴിഞ്ഞ മാച്ചിൽ വൺഡൗണായി ക്രീസിലെത്തിയ അക്‌സർ അർധ സെഞ്ച്വറി നേടിയിരുന്നു. ബൗളർമാരിൽ ജസ്പ്രീത് ബുംറ-അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവർ ടീമിലെത്തുമെന്നാണ് വിലയിരുത്തൽ. സ്പിൻ സ്‌പെഷ്യലിസ്റ്റ് ബൗളറായി കുൽദീപ് യാദവും ഓൾറൗണ്ടർ പട്ടികയിൽ രവീന്ദ്ര ജഡേജയും സ്ഥാനമുറപ്പിക്കുന്നു. രണ്ടാം സ്പിന്നറായി രവി ബിഷ്‌ണോയിയും ആവേശ് ഖാനും അക്‌സർ പട്ടേൽ എന്നിവരിൽ ഒരാൾ എത്തിയേക്കും.