Cricket
ട്വന്റി 20 ലോകകപ്പ്; റിങ്കു സിങിനെ വെട്ടിയതിന് കാരണം ഈ താരത്തെ ഉൾപ്പെടുത്താൻ
Cricket

ട്വന്റി 20 ലോകകപ്പ്; റിങ്കു സിങിനെ വെട്ടിയതിന് കാരണം ഈ താരത്തെ ഉൾപ്പെടുത്താൻ

Sports Desk
|
30 April 2024 3:11 PM GMT

ട്വന്റി 20യിൽ ഇന്ത്യക്കായി 11 ഇന്നിങ്‌സിൽ 356 റൺസാണ് റിങ്കുവിന്റെ സമ്പാദ്യം.

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷന് പിന്നാലെ ചർച്ചയായി കെഎൽ രാഹുലിന്റേയും റിങ്കുസിങിന്റേയും അസാന്നിധ്യം. രാഹുലോ സഞ്ജു സാംസണോ ആരെങ്കിലുമൊരാൾ മാത്രമേ ടീമിലുണ്ടാകുമെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നെങ്കിലും റിങ്കു സിങിനെ പരിഗണിക്കാതിരുന്നത് അപ്രതീക്ഷിതമായി. സമീപകാലത്ത് ദേശീയ ടീമിൽ ഫിനിഷറുടെ റോളിൽ മിന്നും ഫോമിൽ കളിച്ച റിങ്കുവിന് ഐപിഎലിൽ കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എട്ട് ഇന്നിങ്‌സുകളിൽ രണ്ട് മത്സങ്ങളിലും നോട്ടൗട്ടായിരുന്നു.

ട്വന്റി 20യിൽ ഇന്ത്യക്കായി 11 ഇന്നിങ്‌സിൽ 356 റൺസാണ് റിങ്കുവിന്റെ സമ്പാദ്യം. 89 ആവറേജ്. 176 സ്ട്രൈക്ക് റേറ്റ്. ഇതിൽ ഓസ്ട്രേലിയക്കെതിരെ ഒമ്പത് പന്തിൽ 31 റൺസും ദക്ഷിണാഫ്രിക്കക്കെതിരെ 39 പന്തിൽ 68 റൺസും നേടിയതാണ് മികച്ച ഇന്നിങ്‌സുകൾ. വിദേശപിച്ചുകളിൽ മികച്ചഫോമിൽ കളിച്ചിട്ടും താരത്തെ പരിഗണിക്കാൻ സെലക്ഷൻകമ്മിറ്റി തയാറായില്ല. നാല് സ്പിന്നർമാരെ സ്‌ക്വാർഡിൽ ഉൾപ്പെടുത്തിയതാണ് റിങ്കുവിന് അവസരം നിഷേധിക്കാൻ കാരണമായത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവർക്ക് പുറമെ ഓൾറൗണ്ടർമാരായ അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും സ്ഥാനം പിടിച്ചു. അക്‌സറിനേയും ജഡേജയേയും ഒരുമിച്ചെടുക്കാൻ തീരുമാനിച്ചതോടെ റിങ്കുവിന്റെ സ്ലോട്ട് ഇല്ലാതായി.

ശിവം ദുബെക്കൊപ്പം റിങ്കുവിനേയും പരിഗണിക്കുമെന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോർട്ടുകൾ. എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സിനായി മികച്ച പ്രകടനം നടത്തുന്ന ദുബെയെ മാത്രമാണ് പരിഗണിച്ചത്. ഇരുതാരങ്ങളും ഇടം കൈയൻ ബാറ്റർമാരാണെന്നതും ദുബെയ്ക്ക് നറുക്കുവീഴാൻ കാരണമായി. ഐപിഎലിൽ ബൗൾചെയ്യാത്ത ഈ ചെന്നൈ താരത്തെ ബാറ്ററായി മാത്രമാണ് പരിഗണിച്ചത്. ഐപിഎല്ലിൽ സ്ഥിരം ശൈലി മാറ്റി പരീക്ഷിച്ച കെഎൽ രാഹുൽ ഈ സീസണിൽ സ്ഥിരതയോടെയാണ് ബാറ്റ് വീശിയത്. ഒൻപത് മത്സരങ്ങളിൽ 378 റൺസ് നേടിയ താരം സഞ്ജുവിന് താഴെ റൺവേട്ടക്കാരിൽ ഏഴാമതാണ്. മൂന്ന് അർധസെഞ്ച്വറിയാണ് നേടിയത്.

Similar Posts