യു.എസ് നയതന്ത്രഞ്ജരെ ക്രിക്കറ്റ് പഠിപ്പിച്ച് സിറാജും ഗെയിക്‌വാദും-വീഡിയോ
|ബാറ്റിങിലേയും ബോളിങിലേയും ബാലപാഠങ്ങളാണ് ഇന്ത്യൻ താരങ്ങൾ പകർന്നു നൽകിയത്.
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി അമേരിക്കയിലെത്തിയ ഇന്ത്യൻ ടീം പരിശീലനത്തിലാണ്. ജൂൺ അഞ്ചിന് അയർലാൻഡിനെതിരെയാണ് രോഹിത് ശർമയുടേയും സംഘത്തിന്റേയും ആദ്യമത്സരം. ഇതിനിടെ യു.എസ് നയതന്ത്രഞ്ജരെ ക്രിക്കറ്റ് പഠിപ്പിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. യു.എസ് കോൺസുലേറ്റ് ജനറലാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. പേസ് ബോളർ മുഹമ്മദ് സിറാജ്, ഋതുരാജ് ഗെയിക്‌വാദ്, ശിവം ദുബെ, ജിതേഷ് ശർമ, ഗെയിക്‌വാദിന്റെ ഭാര്യയും ക്രിക്കറ്ററുമായ ഉത്കർഷ പവർ എന്നിവരാണ് യു.എസ് നയതന്ത്രഞ്ജരെ ക്രിക്കറ്റ് പഠിപ്പിച്ചത്.
ക്രാഷ് കോഴ്‌സ് എന്ന നിലയിൽ പങ്കുവെച്ച വീഡിയോയിൽ ബാറ്റിങ്,ബോളിങ് രീതികളാണ് ഇന്ത്യൻ താരങ്ങൾ പകർന്നുനൽകിയത്. ഒൻപതംഗ സംഘമാണ് പങ്കെടുത്തത്. ഇന്ത്യൻ ടീമിന് ആശംസകൾ നൽകിയാണ് വീഡിയോ അവസാനിക്കുന്നത്.
2007ന് ശേഷം ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിടാൻ ഇന്ത്യക്കായില്ല. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ട്രോഫി എന്തുവിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന ലക്ഷ്യവുമായാണ് രോഹിതും സംഘവും യു.എസിലെത്തിയത്. ജൂൺ ഒന്നു മുതൽ 29വരെ യു.എസിലും വെസ്റ്റിൻഡീസിലുമായാണ് അരങ്ങേറുക. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ-പാകിസ്താൻ ആവേശപോരാട്ടം ജൂൺ ഒൻപതിനാണ്.