'ലോകത്തിലെ ഏത് ടീമിലും അയാളുണ്ടാകും': ഹാർദിക്ക് പാണ്ഡ്യക്ക് പൂർണ പിന്തുണയുമായി മുത്തയ്യ മുരളീധരൻ
|ഞാനാണ് ക്യാപ്റ്റനെങ്കിൽ ലോകത്തിലെ ഏത് ടീമിലും പാണ്ഡ്യ ഉണ്ടാവുമെന്നാണ് മുത്തയ്യ മുരളീധരൻ പറയുന്നത്.ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിലും കളിച്ചുവെങ്കിലും വെറും 19 റൺസ് മാത്രമെ പാണ്ഡ്യക്ക് നേടാനായുള്ളൂ.
ശ്രീലങ്കയ്‌ക്കെതിരെ മോശം ഫോമിലാണെങ്കിലും ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക്ക് പാണ്ഡ്യക്ക് പൂർണ പിന്തുണയുമായി ഇതിഹാസ താരം മുത്തയ്യ മുരളീധരൻ. ഞാനാണ് ക്യാപ്റ്റനെങ്കിൽ ലോകത്തിലെ ഏത് ടീമിലും പാണ്ഡ്യ ഉണ്ടാവുമെന്നാണ് മുത്തയ്യ മുരളീധരൻ പറയുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിലും കളിച്ചുവെങ്കിലും വെറും 19 റൺസ് മാത്രമെ പാണ്ഡ്യക്ക് നേടാനായുള്ളൂ. വീഴ്ത്തിയത് രണ്ട് വിക്കറ്റുകളും.
എന്നാൽ റൺസ് വിട്ടുകൊടുക്കുന്നതിൽ ധാരാളിത്തം കാണിക്കുകയും ചെയ്തു. ഈയവസരത്തിലാണ് പാണ്ഡ്യക്ക് മുത്തയ്യ മുരളീധരന്റെ പിന്തുണ. ഹർദിക്ക് പാണ്ഡ്യ ഒരു പ്രത്യേക കളിക്കാരനാണ്. ഞാനാണ് ക്യാപ്റ്റനെങ്കിൽ ലോകത്തിലെ ഏത് ടീമിലും അദ്ദേഹമുണ്ടാകും. 140 കിലോമീറ്റർ വേഗതയിൽ പന്തെറിയാൻ അദ്ദേഹത്തിന് കഴിയും-മുത്തയ്യ പറഞ്ഞു.
പന്തിന്റെ വേഗത മികവാർന്ന നിലയിൽ നിയന്ത്രിക്കാനാകുമെന്നത് പാണ്ഡ്യയുടെ പ്രത്യേകതയാണ്. പരിക്ക് കാരണമാണ് അദ്ദേഹത്തിന് ഏകദിനത്തിൽ തിളങ്ങാൻ കഴിയാത്തത് എന്നാണ് എനിക്ക് തോന്നുന്നതെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു. ആദ്യ ഏകദിനത്തിൽ ഹർദിക്കിന് ബാറ്റിങ്ങിൽ അവസരം ലഭിച്ചിരുന്നില്ല. അതിന് മുമ്പെ ഇന്ത്യ വിജയിച്ചു. രണ്ടാം ഏകദിനത്തിൽ പൂജ്യത്തിനാണ് ഹാർദിക്ക് പുറത്തായത്. നേരിട്ട മൂന്നാം പന്തിൽ തന്നെ താരം ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. മൂന്നാം ഏകദിനത്തിലെ സ്കോറാണ് 19 റണ്‍സ്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഇനി ടി20 പരമ്പരയാണ്. അതേസമയം മൂന്നാം ഏകദിനത്തിലെ പോലെ ട്വന്റി-20യിലും മഴ രസംകൊല്ലിയാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.