പാകിസ്താൻ ഇനി ഇന്ത്യയെ തോൽപിച്ചാൽ അട്ടിമറി, ഇന്ത്യയാണ് ജയിക്കുന്നതെങ്കിൽ സാധാരണ ജയംമാത്രം-ഗൗതം ഗംഭീർ
|അടുത്തകാലത്തൊന്നും ഇന്ത്യക്കെതിരെ പാകിസ്താന് വിജയിക്കാനായില്ല. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ എത്രയോ മുന്നേറികഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു
ഡൽഹി: പാകിസ്താൻ ഇനി ഇന്ത്യയെ തോൽപിക്കുകയാണെങ്കിൽ അത് അട്ടിമറിയും മറിച്ച് ഇന്ത്യയാണ് ജയിക്കുന്നതെങ്കിൽ സാധാരണ ജയവുമായിരിക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പാകിസ്താൻ ഇന്ത്യക്ക്‌മേൽ ആധിപത്യം പുലർത്തിയ ഒരുസമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ഇരുടീമുകളുടേയും പ്രകടനത്തിൽ വലിയ വ്യത്യാസമുണ്ടെന്നും ഗംഭീർ കൂട്ടിചേർത്തു.
അടുത്തകാലത്തൊന്നും ഇന്ത്യക്കെതിരെ അവർക്ക് വിജയിക്കാനായില്ല. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ എത്രയോ മുന്നേറികഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 2023 ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യ പാകിസ്താനെ തോൽപിച്ചു. 2022ലെ ട്വന്റി 20 ലോകകപ്പിലും റിസൽട്ട് ഇന്ത്യക്കൊപ്പമായിരുന്നു. 2021 ട്വന്റി 20യിൽ മാത്രമാണ് പാക്കിസ്താൻ അവസാനമായി വിജയം രുചിച്ചത്.നിലവിൽ ഇന്ത്യയും ആസ്‌ത്രേലിയയുമാണ് ബദ്ധവൈരികൾ. തോൽവിയറിയാതെ ഏകദിന ലോകകപ്പിൽ മുന്നേറിയ ഇന്ത്യയെ ഫൈനലിൽ ഓസീസ് കീഴടക്കിയിരുന്നു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും തോൽപിച്ചു. ഇന്ത്യയുടെ പ്രതിയോഗികൾ ആരാണെന്ന് ക്രിക്കറ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചോദിച്ചാൽ ആസ്‌ത്രേലിയയെന്നായിരിക്കും എല്ലാവരുടേയും മറുപടി.
അടുത്തിടെ എക്‌സിൽ നടന്ന ചർച്ചയിൽ സ്ഥിരമായി വിവാദ പ്രസ്താവന നടത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഓരോ വിഷയത്തിലുമുള്ള തന്റെ അഭിപ്രായം പറയുകയമാത്രമാണ് ചെയ്യുന്നതെന്നാണ് ഗംഭീർ മറുപടി പറഞ്ഞത്. വിവാദമാക്കുന്നതിലൂടെ ആർക്കാണ് നേട്ടമെന്ന് സ്വയം ചിന്തിക്കണമെന്നും മുൻ ഇന്ത്യൻതാരം പറഞ്ഞു.