ടെസ്റ്റോട് ടെസ്റ്റ്, ഏകദിനം മൂന്നെണ്ണം; 2024ൽ ഇന്ത്യയെ കാത്തിരിക്കുന്നത്...
|2024ൽ ടി20 ലോകകപ്പാണ് ഐ.സി.സിയുടെ പ്രധാന ടൂർണമെന്റ്. എന്നാൽ ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾക്കാണ് 2024ൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
മുംബൈ: മറ്റൊരു തിരക്കേറിയ ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. 2024ൽ ടി20ലോകകപ്പാണ് ഐ.സി.സിയുടെ പ്രധാന ടൂർണമെന്റ്. എന്നാൽ ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾക്കാണ് 2024ൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് ഇപ്പോൾ ടീം ഇന്ത്യ. 2022 ഡിസംബറിൽ തുടങ്ങിയ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരമാണ് ഇനി നടക്കാനിരിക്കുന്നത്. സെഞ്ചൂറിയനിൽ നാളെയാണ് മത്സരം. പിന്നാലെ അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യ കളിക്കുക.
മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20പരമ്പയാണ് അഫ്ഗാനിസ്താനെതിരെ.
2024ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കലണ്ടറിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഇന്ത്യ മൂന്ന് ഏകദിനം മാത്രമാണ് കളിക്കുന്നത് എന്നതാണ്. 2025 ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ ചാമ്പ്യൻസ് ട്രോഫിയുള്ളതിനാൽ വളരെ കുറച്ച് ഏകദിനങ്ങൾ കളിക്കുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു പക്ഷേ കൂടുതൽ ഏകദിന മത്സരങ്ങൾക്ക് സാധ്യതയുണ്ട്. ഷെഡ്യൂൾ നേരത്തെ തീരുമാനിച്ചതിനാൽ അതിന് കഴിയുമോ എന്ന് വ്യക്തമല്ല. ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ. ജൂലൈയിലാണ് ഈ പരമ്പര.
2024ൽ 75 ദിവസവും ഇന്ത്യ കളിക്കുന്നത് ടെസ്റ്റ് മത്സരങ്ങളാണ്. 15 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കേണ്ടത്. ഇതിൽ 10 മത്സരങ്ങളും ഇന്ത്യയിൽ തന്നെയാണ് എന്നത് മറ്റൊരു പ്രത്യേകത. ഇതിന് മുമ്പ് ഒരു കലണ്ടർ വർഷം 15 ടെസ്റ്റ് മത്സരങ്ങൾ കളിച്ചത് 2008ലാണ്. സ്വന്തം നാട്ടിൽ 10 ടെസ്റ്റ് മത്സരങ്ങൾ കളിച്ചത് 1979ലും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ കണ്ണ്. ഈ ടൂർണമെന്റിന്റെ വരവോടെ ടെസ്റ്റ് മത്സരങ്ങൾക്ക് മറ്റു ടീമുകളും പ്രാധാന്യം കൊടുക്കുന്നുണ്ട്.
ഈ സീസണിലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ ഇന്ത്യ പിന്നിലാണെങ്കിലും മുന്നിലെത്താൻ ഇനിയും അവസരമുണ്ട്. 2025ലാണ് ഫൈനൽ നടക്കുക. കഴിഞ്ഞ രണ്ട് സീസണിലും ഇന്ത്യ ഫൈനൽ കളിച്ചെങ്കിലും കപ്പുയർത്താനായിരുന്നില്ല. ന്യൂസിലാൻഡ്, ആസ്‌ട്രേലിയ എന്നീ ടീമുകളോടാണ് ഇന്ത്യ തോറ്റത്.