Cricket
അരങ്ങേറ്റത്തില്‍ അടിവാങ്ങി ആവേശ്; വിൻഡീസിന് മികച്ച തുടക്കം
Cricket

അരങ്ങേറ്റത്തില്‍ അടിവാങ്ങി ആവേശ്; വിൻഡീസിന് മികച്ച തുടക്കം

Web Desk
|
24 July 2022 2:25 PM GMT

പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 എന്ന ശക്തമായ നിലയിലാണ് വെസ്റ്റിന്‍ഡീസ്

പോർട്ട് ഓഫ് സ്‌പെയിൻ: രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച തുടക്കം. മത്സരം പത്ത് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 എന്ന ശക്തമായ നിലയിലാണ് വിന്‍ഡീസ്.

ടോസ് നേടിയ വിൻഡീസ് നായകൻ നിക്കോളസ് പൂരൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഓപണർമാരുടെ തുടക്കം. മുഹമ്മദ് സിറാജിനെ ബഹുമാനിച്ചും അരങ്ങേറ്റ മത്സരം കളിക്കുന്ന ആവേശ് ഖാനെ തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ചുമാണ് വിൻഡീസ് ഓപണർമാരായ ഷായ് ഹോപ്പും കൈൽ മയേഴ്‌സും സ്‌കോർനില ഉയർത്തിയത്.

മികച്ച നിലയിലേക്ക് പോകുമെന്നുറപ്പിച്ച ഘട്ടത്തില്‍ ഒന്‍പതാം ഓവറില്‍ ഇന്ത്യന്‍ നായകന്‍ ധവാന്‍ നടത്തിയ ബൗളിങ് മാറ്റം ഓപണിങ് കൂട്ടുകെട്ട് പൊളിച്ചു. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയുടെ ആദ്യ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി മയേഴ്സ് മടങ്ങി. 23 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 39 റണ്‍സുമായാണ് താരം പുറത്തായത്. ഷായ് ഹോപ്പും(26) ഷമറാഹ് ബ്രൂക്സും(അഞ്ച്) ആണ് ക്രീസിലുള്ളത്.

ഓർക്കാൻ ആഗ്രഹിക്കാത്ത ഏകദിന അരങ്ങേറ്റമായിരിക്കും ആവേശിനിത്. മൂന്ന് ഓവറിൽ ഏഴ് ബൗണ്ടറി സഹിതം ഇതിനകം 36 റൺസ് വഴങ്ങിയിട്ടുണ്ട് താരം. മറുവശത്ത് അഞ്ച് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മികച്ച തുടക്കമാണ് സിറാജ് ഇന്ത്യയ്ക്ക് നൽകിയത്.

ആദ്യമത്സരത്തിൽനിന്ന് ഒറ്റ മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഏകദിനത്തിൽ ആദ്യമായി ഇന്ത്യൻ കുപ്പായമിടുന്ന ആവേശ് പ്രസിദ് കൃഷ്ണയ്ക്ക് പകരക്കാരനായെത്തി. ആദ്യ മത്സരത്തിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന് ഒരിക്കൽകൂടി ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. വിൻഡീസ് സംഘത്തിലും ഒരു മാറ്റം മാത്രമാണുള്ളത്. ഗുഡ്‌കേഷ് മോട്ടിക്കു പകരം ഹൈഡൻ വാൽഷിനാണ് ഇന്ന് അവസരം ലഭിച്ചത്.

Summary: IND vs WI 2nd ODI Live Updates

Similar Posts