Cricket
ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ; മൂന്നാം ഏകദിനത്തിൽ 96 റൺസ് വിജയം
Cricket

ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ; മൂന്നാം ഏകദിനത്തിൽ 96 റൺസ് വിജയം

Web Desk
|
11 Feb 2022 3:30 PM GMT

പെട്ടെന്ന് തീരുമായിരുന്ന മത്സരത്തിന് പക്ഷേ ഒരു ആന്റിക്ലൈമാക്‌സ് കൂടി ബാക്കിയുണ്ടായിരുന്നു- വാലറ്റക്കാരായ അൽസാരി ജോസഫ്-ഹെയ്ഡൻ വാൽഷ് കൂട്ടുക്കെട്ട്.

ഇന്ത്യ ഉയർത്തിയ 265 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുമെടുത്തിറങ്ങുമ്പോൾ വിൻഡീസ് ഏകദിന പരമ്പരയിൽ ഒരു ജയമെങ്കിലും നേടി മാനം കാക്കുക എന്ന ഉദേശത്തിലായിരുന്നു. പക്ഷേ അവരെ കാത്തിരുന്ന ദയനീയമായ തോൽവിയായിരുന്നു. 96 റൺസിനായിരുന്നു വിൻഡീസിന്റെ തോൽവി. ഇന്ത്യൻ ബൗളിങ് കരുത്തിന് മുന്നിൽ 169 റൺസിന് വിൻഡീസ് നിരയിൽ എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 3-0 ത്തിന് സ്വന്തമാക്കി

പേസർമാരാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചഹർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. വാഷിങ് ടൺ സുന്ദറിന് വിക്കറ്റൊന്നും നേടാനായില്ല.

വിൻഡീസ് ബാറ്റിങ് അഞ്ച് ഓവർ പൂർത്തിയാകും മുമ്പ് തന്നെ ഓപ്പണർമാർ രണ്ടു പേരും കൂടാരം കയറി.

ഷാ ഹോപ്പ് 5 റൺസുമായി സിറാജിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി ആദ്യം മടങ്ങി. 14 റൺസുമായി ബ്രാൻഡൺ കിങിനെ മടക്കിയത് ദീപക്ക് ചഹറായിരുന്നു. അതേ ഓവറിൽ തന്നെ റൺസൊന്നുമെടുക്കാതെ ഷാംമ്രാഹ് ബ്രൂക്കസും മടങ്ങിയതോടെ വിൻഡീസ് കൂട്ടത്തകർച്ച മുന്നിൽ കണ്ടുത്തുടങ്ങി. ഡാരൻ ബ്രാവോ കരുതലോടെ കളിച്ചെങ്കിലും പ്രസിദ്ധ് കൃഷ്ണ ആ പ്രതീക്ഷയും തല്ലിക്കെടുത്തി. 20 റൺസിൽ നിൽക്കവേ കോഹ്ലിക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം.

തൊട്ടുപിന്നാലെ കൂറ്റൻ അടികൾക്ക് പേരു കേട്ട ജേസൺ ഹോൾഡറും പ്രസിദ്ധ് കൃഷ്ണക്ക് മുന്നിൽ കീഴടങ്ങി. ഫാബിയൻ അലനും നിരാശപ്പെടുത്തി കുൽദീപ് യാദവ് എറിഞ്ഞ 16-ാം ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഫാബിയൻ അലൻ പുറത്തായി. നായകൻ നിക്കോളാസ് പൂരൻ ഒരറ്റത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 34 റൺസിൽ നിൽക്കവേ കുൽദീപിന് മുന്നിൽ വീണു. രോഹിത്തായിരുന്നു ക്യാച്ചെടുത്തത്. പിന്നാലെ ക്രീസിലെത്തിയ ഒഡേൻ സ്മിത്ത് കൂറ്റനടികളുമായി കളം നിറഞ്ഞെങ്കിലും (18 ബോളിൽ 36) മൂന്ന് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും നിറഞ്ഞ ആ ഇന്നിങ്‌സിന് തിരശീലയിട്ടത് സിറാജായിരുന്നു.

പെട്ടെന്ന് തീരുമായിരുന്ന മത്സരത്തിന് പക്ഷേ ഒരു ആന്റിക്ലൈമാക്‌സ് കൂടി ബാക്കിയുണ്ടായിരുന്നു- വാലറ്റക്കാരായ അൽസാരി ജോസഫ്-ഹെയ്ഡൻ വാൽഷ്് കൂട്ടുക്കെട്ട്. വിജയത്തിലേക്ക് എത്തിക്കായില്ലെങ്കിലും തോൽവി വൈകിപ്പിക്കാൻ ഇരുവർക്കും സാധിച്ചു. 38 പന്തിൽ 13 റൺസുമായി ഹെയ്ഡൻ വാൽഷ് സിറാജിന് മുന്നിൽ വീണതോടെ ആ ചെറുത്തുനിൽപ്പും അവസാനിച്ചു. കൂടെ പൊരുതിയ അൽസാരി ജോസഫിനെ തൊട്ടടുത്ത ഓവറിൽ 56 പന്തിൽ 29 റൺസുമായി പ്രസിദ്ധ് പറഞ്ഞയച്ചു. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും അടങ്ങിയതായിരുന്നു ആ ഇന്നിങ്‌സ്. കെമർ റോച്ച് 4 പന്തിൽ റൺസൊന്നും നേടാതെ പുറത്താകാതെ നിന്നു.

നേരത്തെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോർ ബോർഡിൽ 42 റൺസ് മാത്രമുള്ളപ്പോൾ മൂന്ന് താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശർമയും (13), വിരാട് കോലിയും (0) ഒരേ ഓവറിൽ മടങ്ങി. മൂന്ന് ബൗണ്ടറികൾ നേടി ആത്മവിശ്വാസത്തിലായിരുന്നു രോഹിത്. എന്നാൽ അൽസാരിയുടെ പന്തിൽ ബൗൾഡായി. ആ ഓവറിന്റെ അഞ്ചാം പന്തിൽ കോലിയേയും അൽസാരി പറഞ്ഞയച്ചു. വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക്യാച്ച് നൽകുകയായിരുന്നു മുൻ ക്യാപ്റ്റൻ. തിരിച്ചുവരവിൽ ശിഖർ ധവാനും തിളങ്ങാനായില്ല. ഒഡെയ്ൻ സ്മിത്തിന്റെ പന്തിൽ ജേസൺ ഹോൾഡർക്ക് ക്യാച്ച്.

അനിവാര്യമായ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ശ്രേയസ് അയ്യർ- പന്ത് കൂട്ടുകെട്ടായിരുന്നു. നാലാമാനായിട്ടാണ് ശ്രേയസ് ക്രീസിലെത്തിയയത്. പന്ത് അഞ്ചാമതായിട്ടും. ഇരുവരും 110 റൺസ് കൂട്ടിച്ചേർത്തു. ഉത്തരവാദിത്തം മനസിലാക്കി കരുതലോടെ കളിച്ച പന്ത് 54 ബോളിൽ 56 റൺസെടുത്തു. ഹെയ്ഡൻ വാൽഷിന് വിക്കറ്റ് നൽകും മുമ്പ് താരം ഒരു സിക്സും ആറ് ഫോറും നേടിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ സൂര്യുകുമാർ യാദവിന് (6) തിളങ്ങാൻ കഴിഞ്ഞില്ല. ഫാബിയൻ അലന് വിക്കറ്റ്. വൈകാതെ ശ്രേയസും മടങ്ങി. 111 പന്തിൽ 80 റൺസാണ് ശ്രേയസ് നേടിയത്. വാൽഷിൻെ പന്തിൽ ലോംഗ് ഓഫിൽ ഡാരൻ ബ്രാവോയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു.

പിന്നാലെ ചാഹർ പന്ത് കൂട്ടുക്കെട്ടായിരുന്നു ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്.

ഇരുവരും 53 റൺസാണ് കൂട്ടിച്ചേർത്തത്. 38 പന്തിൽ അത്രയും തന്നെ റൺസാണ് ചാഹർ നേടിയത്. രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ചാഹറിന്റെ ഇന്നിംഗ്സ്. സുന്ദർ വലിയ പിന്തുണ നിൽകി. 34 പന്തിൽ 33 റൺസാണ് സുന്ദർ നേടിയത്. ഇതിനിടെ കുൽദീപ് യാദവിനെ (5) ഇന്ത്യക്ക് നഷ്ടമായി. അവസാന ഓവറിലാണ് സുന്ദർ മടങ്ങുന്നത്. ഒരു സിക്സും രണ്ട് ഫോറും താരം നേടി. മുഹമ്മദ് സിറാജാണ് (0) പുറത്തായ മറ്റൊരു താരം. പ്രസിദ്ധ് കൃഷ്ണ (0) പുറത്താവാതെ നിന്നു.

Related Tags :
Similar Posts