ഡബിള്‍ സെഞ്ച്വറിയുമായി ഗില്ലിന്റെ വണ്മാന് ഷോ; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
|ഗില്ലിന്റെ സൂപ്പര്‍ഫാസ്റ്റ് ഇന്നിങ്സിന്റെ ബലത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 349 റണ്‍സെടുത്തു.
ഹൈദരാബാദ്: ശ്രീലങ്കയോട് നിര്‍ത്തിയടത്തുനിന്ന് ശുഭ്മാന്‍ ഗില്‍ തുടങ്ങി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയാണെങ്കില്‍ ഇന്ന് അത് ഡബിള്‍ സെഞ്ച്വറിയായി. അത് മാത്രമായിരുന്നു വ്യത്യാസം. ഒരറ്റത്ത് കിവീസ് ബൌളര്‍മാര്‍ നിലയുറപ്പിക്കാന്‍ വിടാതെ എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാരെയും വരിഞ്ഞ് മുറുക്കമ്പോഴും മറുവശത്ത് ഗില്ലിന്റെ കോട്ട ഇളക്കാന്‍ കഴിഞ്ഞില്ല. ബാറ്റുകൊണ്ട് കാര്യമായ പിന്തുണ നല്കാന് ഒരാളുമില്ലാതിരുന്നിട്ടും ഗില്‍ തന്റെ വണ്മാന് ഷോയിലൂടെ കളം പിടിക്കുകയായിരുന്നു.
ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടവും ഒരുപിടി റെക്കോര്‍ഡുകളുമായി ഗില്‍ എട്ടാം വിക്കറ്റായി മടങ്ങുമ്പോഴേക്കും ഇന്ത്യ കൂറ്റന്‍ സ്കോറിലേക്കെത്തിയിരുന്നു. 149 പന്തില്‍ ഒന്‍പത് സിക്സറും 19 ബൌണ്ടറികളുമുള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്സ്. ഗില്ലിന്റെ സൂപ്പര്‍ഫാസ്റ്റ് ഇന്നിങ്സിന്റെ ബലത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 349 റണ്‍സെടുത്തു.
നേരത്തെ ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തും ഗില്ലും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. വിരാട് കോഹ്ലി എട്ട് റണ്‍സോടെയും ഇഷാന് കിഷന് അഞ്ച് റണ്‍സോടെയുമാണ് പുറത്തായത്. ഇതോടെ ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയിലെത്തി. എന്നാല്‍ പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് ഗില്ലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ കാര്‍ഡ് ടോപ് ഗിയറില്‍ കുതിച്ചു.
ഇതിനിടെ 88 പന്തില്‍ 14 ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ ഗില്‍ തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും കണ്ടെത്തി. 18 മത്സരം മാത്രം കളിച്ചിട്ടുള്ള ഗില്ലിന്റെ അന്താരാഷ്ട്ര കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്. പിന്നാലെ 31 റണ്‍സെടുത്ത സൂര്യകുമാറിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 65 റണ്‍സിന്റെ നാലാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ 26 പന്തില്‍ നാല് ബൌണ്ടറിയുള്‍പ്പെടെയാണ് സൂര്യകുമാര്‍ 31 റണ്‍സെടുത്തത്. ഡാരില്‍ മിച്ചലാണ് സൂര്യയെ പുറത്താക്കിയത്.
പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും ഗില്ലിന് പിന്തുണ നല്കി. അഞ്ചാം വിക്കറ്റില്‍ 64 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 38 പന്തില്‍ 28 റണ്‍സെടുത്ത ഹര്‍ദികിനെയും മിച്ചല്‍ ആണ് മടക്കിയത്. പിന്നീടെത്തിയ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ താക്കൂറും പെട്ടെന്ന് മടങ്ങി. റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ എല്‍.ബി.ഡബ്ല്യു ആയപ്പോള്‍ റണ്ണൌട്ടായ ശര്‍ദുല്‍ താക്കൂര്‍ ഗില്ലിന് വേണ്ടി വിക്കറ്റ് ത്യാഗം ചെയ്യുകയായിരുന്നു.
ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ്
തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്‍ കുതിപ്പ് തുടരുമ്പോള്‍ പഴങ്കഥയായത് മുന്‍ നായകന് വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് കൂടിയാണ്. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗം ആയിരം റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്. ഇതിന് മുന്‍പ് വിരാട് കോഹ്ലിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ന്യൂസിലന്‍ഡിനെതിരായ സെഞ്ച്വറി പ്രകനത്തോടെയാണ് ഗില്‍ ഈ റെക്കോര്‍ഡ് നേട്ടം തന്റെ പേരിലാക്കുന്നത്.
19 ഇന്നിങ്സുകളില്‍ നിന്നാണ് ഗില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. കോഹ്ലി 24 ഇന്നിങ്സുകളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടമാണ് വെറും 19 ഇന്നിങ്സുകളില്‍ നിന്നായി ശുഭ്മാന്‍ ഗില്‍ മറികടന്നത്. അതേസമയം ലോകക്രിക്കറ്റിലും ഗില്‍ ഈ നേട്ടത്തില്‍ ഏറെ മുന്നിലാണ്. 18 ഇന്നിങ്സുകളില്‍ നിന്നായി 1000 റണ്‍സ് തിച്ച പാക് ബാറ്റര്‍ ഫഖര്‍ സമാന് മാത്രമാണ് ഗില്ലിനേക്കാള്‍ വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു താരം. പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല് ഹഖും ശുഭ്മാന്‍ ഗില്ലുമാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. ഇരുവരും 19 ഇന്നിങ്സുകളില്‍ നിന്നാണ് ആയിരത്തിലെത്തിയത്.
ഗില്ലിന് തൊട്ടുതാഴെ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് വെസ്റ്റിന്‍ഡീസ് ഇതിഹാസം സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സാണ്. 21 ഇന്നിങ്സുകളില്‍നിന്നാണ് കരീബിയന്‍ പഞ്ച് ഹിറ്റര്‍ ഈ നേട്ടത്തിലെത്തിയത്. 19 ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയുമുള്‍പ്പെടെ 60+ റണ്‍സ് ആവറേജിലാണ് ഗില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ലിലെത്തിയത്.
ശ്രീലങ്കക്കെതിരായ പരമ്പര വൈറ്റ് വാഷ് ചെയ്ത ആത്മവിശ്വാസത്തിലെത്തിയ ഇന്ത്യ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ശ്രീലങ്കക്കെതിരെ കാര്യവട്ടത്ത് കൂറ്റൻ വിജയം നേടിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ് ഇന്നിറങ്ങുന്നത്. അതേസമയം നായകൻ കെയ്ൻ വില്യംസൺ, സ്പിന്നർ ഇഷ് സോഥി, പേസർമാരായ ടിം സൗത്തി, ട്രെൻഡ് ബോൾട്ട് തുടങ്ങിയ പ്രധാന താരങ്ങളില്ലാതെയാണ് കിവികൾ ഇന്ന് ഇറങ്ങിയത്. ടോം ലതാമാണ് ന്യൂസിലൻഡിനെ നയിക്കുന്നത്.
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ ഠാകുർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ന് ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്.
ടോം ലതാം (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ഹെൻറി സോ ഷിപ്ലി, ബ്ലെയർ ടിക്നർ എന്നിവർ കിവിപ്പടയിലും ഇറങ്ങും.
ഹൈദരബാദിലേതിന് പുറമേ ജനുവരി 21ന് റായ്പൂരിലും 24ന് ഇന്ദോറിലും ഏകദിന മത്സരങ്ങൾ നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.
കാര്യവട്ടത്ത് ശ്രീലങ്കക്കെതിരെ നടന്ന അവസാന മത്സരത്തിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോർഡ് ടീം ഇന്ത്യ നേടിയിരുന്നു. 2008 ൽ ന്യൂസിലൻറ് അയർലൻറിനെതിരെ നേടിയ 290 റൺസിന്റെ വിജയമായിരുന്നു ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം. ആ റെക്കോർഡാണ് ശ്രീലങ്കക്കെതിരെ നേടിയ 317 റൺസ് വിജയത്തോടെ ഇന്ത്യ പഴങ്കഥയാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയമാണ് ഇന്ത്യൻ പട നേടിയത്. ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
India batting against New Zealand; 31 runs in five overs