ഇംഗ്ലണ്ടിനെ തകർത്ത് അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ
|ഫെനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യൻ സംഘം കിരീടത്തിൽ മുത്തമിട്ടത്
പോച്ചെസ്ട്രൂം: പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഫെനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യൻ സംഘം കിരീടത്തിൽ മുത്തമിട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 69 റൺസ് വിജയലക്ഷ്യം 14 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
ക്യാപ്റ്റൻ ഷഫാലി വർമ (15), ശ്വേത സെഹ്രാവത് (5) എന്നിവരുടെ തുടക്കത്തിൽ നഷ്ടമായെങ്കിലും സൗമ്യ തിവാരി - ഗോംഗഡി ത്രിഷ സഖ്യം ഇന്ത്യയെ അനായാസമായി വിജയത്തിലെത്തിക്കുകയായിരുന്നു. സൗമ്യ 37 പന്തിൽ നിന്ന് 24 റൺസോടെ പുറത്താകാതെ നിന്നു. ത്രിഷ 29 പന്തിൽ നിന്ന് 24 റൺസെടുത്ത് പുറത്തായി.
നേരത്തെ ഇംഗ്ലണ്ടിനെ വെറും 68 റൺസിന് ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടിരുന്നു. നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റാസ് സധുവാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ട് നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 19 റൺസെടുത്ത റയാന മക്ഡൊണാൾഡ് ഗേയാണ് അവരുടെ ടോപ് സ്‌കോറർ.