കുൽദീപ് ത്രോയിൽ ലങ്കാ ദഹനം; ശ്രീലങ്കയെ കറക്കിവീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ
|ഇന്ത്യ ഉയർത്തിയ കേവലം 214 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ദസുൻ ഷനകെയും സംഘവും 172 റൺസിൽ മുട്ടുമടക്കുകയായിരുന്നു.
കൊളംബോ: ഏഷ്യാകപ്പിൽ ചിരവൈരികളായ പാകിസ്താനെതിരെ നേടിയ കൂറ്റൻ ജയത്തിന്റെ വീര്യത്തിൽ ഇറങ്ങി ശ്രീലങ്കയെയും ദഹിപ്പിച്ച് ഇന്ത്യൻ വിജയഗാഥ. 41 റൺസിന് ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ കേവലം 214 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ദസുൻ ഷനകെയും സംഘവും 172 റൺസിൽ മുട്ടുമടക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ രോഹിത് ശര്‍മയുടെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിതും ഗില്ലും ചേര്‍ന്ന് 80 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. അടുത്ത സെഞ്ച്വറി ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ പോകുമെന്ന് തോന്നിക്കവെയാണ് ശ്രീലങ്കയുടെ വക ആദ്യ തിരിച്ചടിയുണ്ടായത്. 20കാരനായ വെല്ലാലാഗെ ഗില്ലിനെ പുറത്താക്കി ഇന്ത്യക്ക് ആദ്യ മുന്നറിയിപ്പ് നല്‍കി.
തുടർന്നങ്ങോട് അടുപ്പിച്ച് വിക്കറ്റ് വീഴ്ച. 90 റൺസായപ്പോൾ കോഹ്‌ലിയും 91ൽ രോഹിത് ശർമയും വീണു. എന്നാൽ തിങ്കളാഴ്ചത്തേതു പോലെ ഇന്നും അർധസെഞ്ച്വറി സമ്മാനിച്ചായിരുന്നു ക്യാപ്റ്റന്റെ മടക്കം. തുടർന്നെത്തിയവരിൽ കെ.എൽ രാഹുലും (39), ഇഷൻ കിഷനും (33) മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.
ഇന്നലെ തകർപ്പൻ സെഞ്ച്വറിയോടെ ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ലായ കോഹ്‌ലിയുടെ ഇന്നത്തെ വേട്ട മൂന്ന് റൺസിൽ ഒതുങ്ങി. പിന്നീട് അക്‌സർ പട്ടേൽ മാത്രമാണ് രണ്ടക്കം തികച്ച താരം (26). ഒടുവിൽ, 49.1 ഓവറിൽ എല്ലാവരെയും കൂടാരം കയറ്റിയാണ് ലങ്ക ഇന്ത്യക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകിയത്. എന്നാൽ മറുപടിയേറിൽ കേവലം 41.3 ഓവറിൽ 172 റൺസിന് എല്ലാവരെയും മടക്കി ഇന്ത്യ കിടിലൻ തിരിച്ചടി നൽകുകയായിരുന്നു.
ദുനിത് വെല്ലാലഗെ (42 നോട്ടൗട്ട്), ധനഞ്ജയ ഡി സിൽവ (41), ചരിത് അസലങ്ക (22) എന്നിവർ മാത്രമാണ് ശ്രീലങ്കൻ തോൽവിയുടെ നാണക്കേട് കുറച്ചത്. കുൽദീപിനെ കൂടാതെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമാണ് ലങ്കയെ കറക്കിവീഴ്ത്തി ഇന്ത്യൻ വിജയത്തിന്റെ ആണിക്കല്ലുകളായത്.
സൂപ്പര്‍ ഫോറില്‍ നേരത്തേ പാകിസ്താനെതിരേ വമ്പന്‍ ജയം നേടിയ ഇന്ത്യ, തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഒരു മത്സരം ശേഷിക്കെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 15ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരം. സൂപ്പര്‍ ഫോറിലെ ശ്രീലങ്ക- പാകിസ്താന്‍ മത്സര വിജയികളാവും ഇന്ത്യയുടെ ഫൈനല്‍ എതിരാളി.