ഇന്നറിയാം; ഇന്ത്യ നിക്കണോ, അതോ പോകണോ? ആകാംക്ഷ
|ഇന്ത്യ പുറത്തായി എന്ന് പറയാനായില്ലെങ്കിൽ ചില കണക്കുകളിൽ പ്രതീക്ഷക്ക് വകയുണ്ട്. അതിലൊന്നാണ് ഇന്നത്തെ മത്സരം.
ദുബൈ: ഏഷ്യാകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയോട് ആറു വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ഫൈനൽ പ്രവേശം തുലാസിലായി. ഇന്ത്യ പുറത്തായി എന്ന് പറയാനായില്ലെങ്കിലും ചില കണക്കുകളിൽ പ്രതീക്ഷക്ക് വകയുണ്ട്. അതിലൊന്നാണ് ഇന്നത്തെ മത്സരം.
ഏഷ്യാകപ്പിൽ ഇന്ന് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലാണ് മത്സരമെങ്കിലും ഇന്ത്യയും ഭാഗമാണ്. ഇന്ന് അഫ്ഗാനിസ്താൻ, പാകിസ്താനെ തോൽപിച്ചാൽ പ്രതീക്ഷ ഇന്ത്യക്കായി. പക്ഷേ അതുമാത്രം പോര. എന്നാൽ പാകിസ്താനാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യക്ക് ഒന്നും നോക്കാതെ മടങ്ങാം. അവസാന മത്സരം അഫ്ഗാനിസ്താനുമായി കളിക്കാമെന്ന് മാത്രം. അതോടെ ശ്രീലങ്കയും പാകിസ്താനും രണ്ട് ജയവുമായി ഫൈനലിൽ എത്തും. അവസാന സ്ഥാനക്കാരായി അഫ്ഗാനിസ്താനും ഇന്ത്യയും പുറത്തേക്കും.
അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ കളിയിൽ അഫ്ഗാനിസ്താൻ ജയിച്ചാല്‍ മാത്രം പോര. അടുത്ത കളി ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെയാണ്. അതിൽ ഉയർന്ന റൺറേറ്റോടെ ജയിക്കണം. മാത്രമല്ല, ശ്രീലങ്ക പാകിസ്താൻ മത്സരത്തിൽ ശ്രീലങ്ക ജയിക്കുകയും വേണം. അങ്ങനെ വന്നാൽ ഉയർന്ന റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം. ശ്രീലങ്കയാവും ഫൈനലിലെ എതിരാളികൾ.
ആറു വിക്കറ്റിനാണ് ഇന്ത്യയെ ശ്രീലങ്ക തോൽപിച്ചത്. ഇന്ത്യ ഉയർത്തിയ 174 എന്ന വിജയലക്ഷ്യം 19.5 ഓവറിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലങ്ക മറികടക്കുകയായിരുന്നു. അവസാന ഓവറുകളിലെ സമ്മർദം അതിജീവിച്ചാണ് ലങ്ക തങ്ങളുടെ പഴയ പ്രതാപത്തിലേക്കുള്ള സൂചന നൽകിക്കൊണ്ട് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മക്ക് മാത്രമാണ് തിളങ്ങാനായത്. 72 റൺസാണ് രോഹിത് നേടിയത്. മറുപടി ബാറ്റിങിൽ ലങ്കക്ക് മികച്ച തുടക്കം ലഭിച്ചു. അവരുടെ ആദ്യ വിക്കറ്റ് വീണത് ടീം സ്‌കോർ 97ൽ നിൽക്കെ. തുടരെ മൂന്ന് വിക്കറ്റുകൾ കൂടി വീണെങ്കിലും ലങ്ക പതറിയില്ല. നായകൻ ദശുൻ ശനകയും ഭാനുക രജപക്‌സയും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പതുൻ നിസങ്ക(52) കുശാൽ മെൻഡിസ്(57) എന്നിവരാണ് ലങ്കയുടെ ടോപ് സ്‌കോറർമാർ.