Cricket
Yaswasi Jaiswal and Rohit Sharma scored centuries for India in the first Test against West Indies.
Cricket

സെഞ്ച്വറിയുമായി ജയ്സ്വാളും രോഹിതും; വിൻഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

Sports Desk
|
14 July 2023 2:01 AM GMT

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 17-ാമത്തെ ഇന്ത്യൻ താരവും മൂന്നാമത്തെ ഓപ്പണറുമാണ് യശസ്വി ജയ്സ്വാൾ

ഡൊമിനിക്ക: വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്തു. ഇതോടെ ഇന്ത്യക്ക് 162 റൺസിന്റെ ലീഡായി. വിൻഡീസ് ഒന്നാമിന്നിങ്സിൽ 150 റൺസിന് പുറത്തായിരുന്നു. വിരാട് കോഹ്‌ലിയും അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി കണ്ടെത്തിയ യശസ്വി ജയ്സ്വാളും ക്രീസിലുണ്ട്. 215 പന്തിലാണ് ജയ്സ്വാളിന്റെ കന്നി സെഞ്ച്വറി വന്നത്. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 17-ാമത്തെ ഇന്ത്യൻ താരവും മൂന്നാമത്തെ ഓപ്പണറുമാണ് യശസ്വി ജയ്സ്വാൾ.

ഓപ്പണറായി ഇറങ്ങിയ നായകൻ രോഹിത് ശർമയും (103) സെഞ്ച്വറി നേടി. എന്നാൽ അലിക് അതാൻസെയുടെ പന്തിൽ ജോഷുവ ഡാ സിൽവ പിടിച്ച് പുറത്തായി. ടെസ്റ്റിലെ റൺവേട്ടയോടെ രോഹിത് 3500 റൺസെന്ന നാഴികക്കല്ല് പിന്നിട്ടു. ശുഭ്മാൻ ഗിൽ കേവലം ആറു റൺസെടുത്ത് മടങ്ങി. ജോമെൽ വരികാന്റെ പന്തിൽ അതാൻസെയ്ക്കായിരുന്നു ക്യാച്ച്. ഇനി അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷൻ കിഷാൻ, രവിചന്ദ്രൻ അശ്വിൻ, ഷർദുൽ താക്കൂർ, ജയദേവ് ഉനദ്കട്, മുഹമ്മദ് സിറാജ് എന്നിവരാണ് ബാറ്റ് ചെയ്യാനുള്ളത്.

ടെസ്റ്റിന്റെ ആദ്യ ദിവസവും ഇന്ത്യൻ മേധാവിത്വമായിരുന്നു. വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് വിക്കറ്റ് പോകാതെ 30 റൺസ് കൊണ്ടുപോയെങ്കിലും അശ്വിൻ പന്ത് എടുത്തതോടെ കളി മാറി. കൂട്ടിന് രവീന്ദ്ര ജഡേജയും കൂടി എത്തിയതോടെ കീഴടങ്ങാതെ വിൻഡീസിന് രക്ഷയില്ലായിരുന്നു. 47 റൺസെടുത്ത അലിക് അതനാസെയാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. മറ്റുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. നായകൻ ക്രെയ്ഗ് ബ്രാത്ത്വെയിറ്റ്(20) ടാഗ്‌നരൈൻ ചന്ദർപോൾ (12) ജേസൺ ഹോൾഡർ(18) എന്നിവർ വേഗത്തിൽ മടങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് വിൻഡീസിന്റെ കഥ കഴിച്ചത്. മൂന്ന് വിക്കറ്റുമായി രവീന്ദ്ര ജഡേജയും കളം നിറഞ്ഞു. മുഹമ്മദ് സിറാജ്, ശർദുൽ താക്കൂർ, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരം ഇന്ത്യയിലുള്ള ആരാധകർക്ക് ടെലിവിഷനിലൂടെയും വിവിധ അപ്ലിക്കേഷനിലൂടെയും ആസ്വദിക്കാനാകും. ഡിഡി സ്‌പോർട്‌സാണ് ഇന്ത്യയിൽ മത്സരം പ്രദർശിപ്പിക്കുന്ന ടെലിവിഷൻ ചാനൽ. ജിയോ സിനിമ, ഫാൻകോഡ് എന്നിവ വഴിയും കളി കാണാൻ കഴിയും. 2023-2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കം കൂടിയാണ് വിൻഡീസിനെതിരായ പരമ്പര. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ചേതേശ്വർ പൂജാര, ഉമേഷ് യാദവ് എന്നിവർക്ക് ടെസ്റ്റ് ടീമിൽ ഇടംനഷ്ടപ്പെട്ടിരിക്കുകയാണ്.

Yaswasi Jaiswal and Rohit Sharma scored centuries for India in the first Test against West Indies. India in a strong position in the first Test against West Indies.

Similar Posts