ഇന്ത്യ-അയർലാൻഡ് ടി-20 മത്സരം മഴ കാരണം വൈകുന്നു: ബൗളിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ
|ടി20 ലോകകപ്പ് അടുത്തിരിക്കെ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ടീമിലിടം നേടിയ യുവതാരങ്ങൾ
ഡബ്ലിൻ: ഇന്ത്യ-അയർലാൻഡ് മത്സരം മഴ കാരണം വൈകുന്നു. അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങാണ് തെരഞ്ഞെടത്തിരിക്കുന്നത്. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ ടോസ് നേടിയ ഹാർദിക് പാണ്ഡ്യ ആദ്യം ഫീൽഡ് ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു. ടോസിന് തൊട്ടു പിന്നാലെയാണ് മഴയെത്തിയത്.
പേസർ ഉമ്രാൻ മാലിക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ടി20 ലോകകപ്പ് അടുത്തിരിക്കെ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ടീമിലിടം നേടിയ യുവതാരങ്ങൾ. പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ സൂര്യകുമാർ യാദവിനും മത്സരം നിർണായകമാണ്. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന അതിവേഗ ബൗളർ ഉംറാൻ മാലികിന് ഭുവനേശ്വർ കുമാർ ഇന്ന് ഇന്ത്യൻ ക്യാപ് കൈമാറിയിരുന്നു.
അതേസമയം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടില്ല. ഇഷാൻ കിഷൻ കിഷൻ, റുതുരാജ് ഗെയ്ക്ക്വാദ്, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, യുസ്വേന്ദ്ര ചഹൽ, അരങ്ങേറ്റ താരം ഉംറാൻ മാലിക് എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്.