തോൽവിക്ക് പകരം ചോദിക്കണം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തണം; നാലാം ടെസ്റ്റിനൊരുങ്ങി ഇന്ത്യ
|ആദ്യ മൂന്ന് ടെസ്റ്റുകളിലും വിക്കറ്റ് കീപ്പറായിരുന്ന കെഎസ് ഭരതിന് പകരം ഇഷാൻ കിഷൻ ടീമിലെത്തിയേക്കും
അഹമ്മദാബാദ്: ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റിന് ഒരുങ്ങി ടീം ഇന്ത്യ. കഴിഞ്ഞ കളിയിലുണ്ടായ പരാജയത്തിന് മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് ടീം. ബാറ്റിങ് മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ ടീം നടത്തിയേക്കും. ആദ്യ മൂന്ന് ടെസ്റ്റുകളിലും വിക്കറ്റ് കീപ്പറായിരുന്ന കെഎസ് ഭരതിന് പകരം ഇഷാൻ കിഷൻ ടീമിലെത്തിയേക്കും. ആദ്യ മൂന്ന് കളികളിലും ഭരത് നിരാശപ്പെടുത്തിയിരുന്നു. അഞ്ച് ഇന്നിങ്‌സുകളിലായി ആകെ 57 റൺസാണ് താരം നേടിയത്. ഋഷഭ് പന്തിന്റെ പകരക്കാരനായാണ് ഭരത് ടീമിലെത്തിയത്. എന്നാൽ കീപ്പിങ്ങിൽ താരത്തിന്റെ പ്രകടനം മികച്ചതായിരുന്നു
രാഹുൽ ദ്രാവിഡ് ഏറെ നേരം കിഷനൊപ്പം നെറ്റ്‌സിൽ ചെലവഴിച്ചു എന്നത് കിഷന്റെ അരങ്ങേറ്റ സാധ്യത വ്യക്തമാക്കുന്നതാണ്. ഇടം കയ്യൻ ബാറ്ററാണെന്നതും കിഷന് അനുകൂല ഘടകമാണ്. ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ മികച്ച ഫോമിലായിരുന്നെങ്കിലും പരിമിത ഓവർ ഫോർമാറ്റിൽ ഫോമിലെത്തിയിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ കിഷന് അരങ്ങേറ്റം കുറിക്കുമെന്ന വിശ്വസത്തിലാണ് ആരാധകരും.
അഹമ്മദാബാദിൽ ജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. മറിച്ചായാൽ ശ്രീലങ്ക - ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. എന്നാൽ ഒമ്പത് വിക്കറ്റ് ജയത്തോടെ ഓസീസ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. അതേസമയം, അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും ന്യൂസീലൻഡിനെതിരായ പരമ്പര ലങ്ക തൂത്തുവാരുകയും ചെയ്താൽ ഓസീസിനൊപ്പം ശ്രീലങ്ക ഫൈനലിന് യോഗ്യത നേടും.
ഇന്ദോർ ടെസ്റ്റിൽ മോശം ഫോം തുടരുന്ന രാഹുലിനെ മാറ്റി നിർത്തിയിരുന്നു. നാലാം ടെസ്റ്റിലും രാഹുൽ പുറത്തുതന്നെയായിരിക്കും. രാഹുലിന് പകരമെത്തിയ ഗില്ലിന് ഫോമിലേക്ക് എത്താനായില്ലെങ്കിലും ഒരു അവസരവുംകൂടി താരത്തിന് നൽകിയേക്കും. അതേസമയം, വമ്പൻ തിരിച്ചുവരവ് നടത്തിയ ഒസീസ് ടീമിൽ കാര്യമായ മാറ്റങ്ങൾക്കൊന്നും സാധ്യതയില്ല. അതേ ടീമിനെ തന്നെ നാലാം ടെസ്റ്റിലും നിലനിർത്തിയേക്കും. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് തന്നെയാണ് ടീമിനെ നയിക്കുക.