അയർലാൻഡിനെ എറിഞ്ഞിട്ട് ബുംറയും സംഘവും; ഇന്ത്യയ്ക്ക് 140 റൺസ് വിജയലക്ഷ്യം
|മത്സരത്തിലൂടെ അന്താരാഷ്ട്ര ടി 20യിൽ അരങ്ങേറിയ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടി
മലാഹിഡെ: അയർലാൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 140 റൺസ് വിജയലക്ഷ്യം. നായകൻ ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യൻ ബൗളർമാർ തിളങ്ങിയതോടെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് ആതിഥേയർക്ക് നേടാനായത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഓവറിൽ തന്നെ അയർലാൻഡിന് പ്രഹരമേൽപ്പിച്ചു. പരിക്കിൽ നിന്ന് മോചിതനായി ദേശീയ ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. കേവലം നാല് റൺസ് വിട്ടുകൊടുത്ത് ഓപ്പണറായ ആൻഡ്രേ ബിൽബിർനിയുടെയും ലോർകോൻ ടക്കറുടെയും വിക്കറ്റാണ് ഇന്ത്യൻ നായകൻ വീഴ്ത്തിയത്. ബിൽബിർനിയെ ബൗൾഡാക്കുകയും ടക്കറിനെ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിലെത്തിക്കുകയുമായിരുന്നു. ബിൽബിർനി നാല് റൺസ് നേടിയപ്പോൾ ടക്കറിന് റൺസൊന്നും നേടാനായില്ല. നാലോവറിൽ ആകെ 24 റൺസാണ് ബുംറ വിട്ടുകൊടുത്തത്.
മത്സരത്തിലൂടെ അന്താരാഷ്ട്ര ടി 20യിൽ അരങ്ങേറിയ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും നേടി. ഹാരി ടക്കർ (9), ജോർജ് ഡോക്റൽ(1) എന്നിവരൊയാണ് താരം പുറത്താക്കിയത്. രവി ബിഷ്‌ണോയിയും രണ്ടു പേരെ മടക്കിയയച്ചു. ഓപ്പണറായ നായകൻ പോൾ സ്റ്റിർലിംഗിനെ(11) രവി ബിഷ്ണോയി ബൗൾഡാക്കി. മാർക് അഡൈറിനെ എൽബിഡബ്ല്യൂവിൽ കുരുക്കി. അർഷദീപ് ഒരു വിക്കറ്റ് വീഴ്ത്തി. മൂന്നു ഓവർ എറിഞ്ഞ വാഷിംഗ്ഡൺ സുന്ദറിന് വിക്കറ്റൊന്നും ലഭിച്ചില്ല.
20, 23 തിയതികളിലുമായാണ് അയർലാൻഡിനെതിരെയുള്ള അടുത്ത ടി 20 മത്സരങ്ങൾ. ഇന്നത്തെ മത്സരത്തിലൂടെ പ്രസിദ്ധ് കൃഷ്ണക്ക് പുറമേ ഐപിഎല്ലിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത റിങ്കു സിംഗും അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചു.
ഇന്ത്യൻ ഇലവൻ
ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്ക്വാദ്(വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിംഗ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിംഗ്ഡൺ സുന്ദർ, രവി ബിഷ്ണോയി, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ്.
അയർലാൻഡ് ഇലവൻ
പോൾ സ്റ്റർലിംഗ് (ക്യാപ്റ്റൻ), ആൻ്രേഡാ ബാൽബിർനി, ഹാരി ടെക്ടർ, ലോർകാൻ ടക്കർ, കുർടിസ് കാംഫർ, ജോർജ് ഡോക്രെൽ, ബാരി മകാർത്തി, മാർക് അഡൈർ, ജോഷ് ലിറ്റിൽ, ക്രെയ്ഗ് യംഗ്, ബെൻ വൈറ്റ്.
India need 140 runs to win the first match of the T20I series against Ireland