വില്ലനായി മഴ; ഇന്ത്യാ- പാക് മത്സരം ഉപേക്ഷിച്ചു; പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍
|ഇന്ത്യന്‍ ഇന്നിങ്സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു.
കാന്‍ഡി (ശ്രീലങ്ക): മഴ വില്ലനായതോടെ ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ മത്സരം രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. പിന്നാലെ കനത്ത മഴയെത്തിയതോടെ ബാറ്റിങ്ങിന് ഇറങ്ങാൻ പാകിസ്താനായില്ല.
കാന്‍ഡിയിലെ പല്ലെകെലെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മഴ തുടര്‍ന്നതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ സമയം 9.50ന് അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ ഇതോടെ സൂപ്പര്‍ ഫോറില്‍ കടന്നു.
ഇന്ത്യന്‍ ഇന്നിങ്സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു. 4.2 ഓവര്‍ പിന്നിട്ടപ്പോഴായിരുന്നു ആദ്യം മഴയെത്തിയത്. പിന്നാലെ 11.2 ഓവര്‍ കഴിഞ്ഞപ്പോഴും മഴ തടസക്കാരനായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. ഇതാണ് ഇന്നും തുടർന്നത്.
ഒരു ഘട്ടത്തിൽ കൂട്ടത്തകർച്ച മുന്നിൽകണ്ട ഇന്ത്യയെ യുവതാരം ഇഷൻ കിഷനും (82) ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും(87) തമ്മിലുള്ള മനോഹരമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് 266ൽ അവസാനിക്കുകയായിരുന്നു. നാലു വിക്കറ്റുമായി ഷാഹിൻഷാ അഫ്രീദിയാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.