ഇന്ത്യ-പാകിസ്താൻ ഫൈനൽ ഉണ്ടാകില്ല; സാധ്യമായതെല്ലാം ചെയ്യും: ജോസ് ബട്ലർ
|നാളെ ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനൽ നടക്കാനിരിക്കെയാണ് ജോസ് ബട്ലർ ഇക്കാര്യം പറഞ്ഞത്
സിഡ്‌നി: ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ ഫൈനൽ മത്സരമുണ്ടാകില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ. നാളെ ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനൽ നടക്കാനിരിക്കെയാണ് ജോസ് ബട്ലർ ഇക്കാര്യം പറഞ്ഞത്.
'സെമിയിൽ ഇന്ത്യയെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഇന്ത്യയും പാകിസ്താനും ഫൈനൽ കളിക്കുന്നത് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിക്കാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യും. ഇന്ത്യ വളരെ ശക്തമായ ടീമാണ്. കുറേനാളായി ടീം സ്ഥിരത കാത്തുസൂക്ഷിക്കുന്നുണ്ട്. മികച്ച കളിക്കാരാണ് ടീമിലുള്ളത്. സൂര്യകുമാർ യാദവ് വളരെ മികച്ച ഫോമിലാണെന്നും അദ്ദേഹം പറഞ്ഞു.
ടി20 ലോകകപ്പ് ഒന്നാം സെമിയിൽ പാകിസ്താനെതിരെ ടോസ് നേടിയ ന്യൂസിലൻറ് ബാറ്റിങ് തിരഞ്ഞെടുത്തു. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. പാകിസ്താൻ അന്തിമ ഇലവൻ: മുഹമ്മദ് രിസ്‌വാൻ, ബാബർ അസം, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തികാർ അഹ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് വസീം, നസീം ഷാ, ഹാരിസ് റഊഫ്, ഷഹീൻ അഫ്രീദി
ന്യൂസിലൻറ് അന്തിമ ഇലവൻ: ഫിൻ അലൻ, ഡെവോൺ കോൺവേ, കെയ്ൻ വില്യംസൺ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്
ഗ്രൂപ്പിലെ കളികൾ നോക്കിയാൽ മുൻതൂക്കം ന്യൂസിലൻഡിനാണ്. ഒറ്റ മത്സരത്തിലെ കിവീസ് തോറ്റിട്ടുള്ളൂ. ബാറ്റർമാരും ബൗളർമാരും മികച്ച ഫോമിലാണ്. ഗ്ലെൻ ഫിലിപ്‌സ്, കെയിൻ വില്യംസൺ ,ഡെവൺ കോൺവേ എന്നിവരാണ് ബാറ്റിങിലെ തുറുപ്പുചീട്ടുകൾ. ബോൾട്ടും സൗത്തിയും സാന്റ്‌നറും ബൗളിങിന് ചുക്കാൻ പിടിക്കും.
മറുപുറത്ത് നായകൻ ബാബർ അസം ഫോമിലല്ലാത്തത് പാകിസ്താന് തിരിച്ചടിയാണ്. ഷാൻ മസൂദും ഇഫ്തികർ അഹമ്മദും ഫോമിലാണ്. നാല് പേസർമാരും ഷദാബ് ഖാനുമാണ് ബൗളിങ് നിരയിൽ.