Cricket
ട്വന്റി 20 ലോക കപ്പിന് ശേഷം ഇന്ത്യൻ ടീം സിംബാബ്‌വെയിലേക്ക്
Cricket

ട്വന്റി 20 ലോക കപ്പിന് ശേഷം ഇന്ത്യൻ ടീം സിംബാബ്‌വെയിലേക്ക്

Web Desk
|
6 Feb 2024 1:01 PM GMT

ജൂലൈ ആറുമുതൽ 14 വരെ നീണ്ടുനിൽക്കുന്ന അഞ്ച് മത്സര ട്വന്റി 20 പരമ്പര ബിസിസിഐ പ്രഖ്യാപിച്ചു.

മുംബൈ: ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി 20 ലോക കപ്പിന് ശേഷം ഇന്ത്യൻ ടീം കളിക്കുക സിംബാബ്‌വെയിയിൽ. ജൂലൈ ആറുമുതൽ 14 വരെ നീണ്ടുനിൽക്കുന്ന അഞ്ച് മത്സര ട്വന്റി 20 പരമ്പര ബിസിസിഐ പ്രഖ്യാപിച്ചു. ജൂലൈ 6, ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളിലായിട്ടാണ് മത്സരം ക്രമീകരിച്ചത്. ലോക കപ്പിന് തൊട്ടു പിന്നാലെ നടക്കുന്ന പരമ്പരയായതിനാൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പുതുമുഖങ്ങളായിരിക്കും സിംബാബ്‌വെയിയിലേക്ക് പോകുകയെന്നാണ് റിപ്പോർട്ട്.

അതേസമയം, ഈ വർഷം ഇന്ത്യ കൂടുതൽ കളിക്കുന്നത് ടെസ്റ്റ് മത്സരങ്ങളാണ്. ഇംഗ്ലണ്ടിനെതിരെ നടന്നു വരുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ശേഷം ഐപിഎലാണ് വരാനുള്ളത്. പിന്നാലെ ലോക കപ്പുമെത്തും. ഐപിഎല്ലിൽ കളിച്ചശേഷം താരങ്ങൾ നേരിട്ട് ടി20 ലോകകപ്പിനായി യാത്രതിരിക്കും. ട്വന്റി 20 ടീം പ്രഖ്യാപനവും ഐപിഎൽ മത്സരത്തിനിടെയാകും പ്രഖ്യാപിക്കുക.

2016ലാണ് ഇന്ത്യ ഇതിനു മുമ്പ് സിംബാബ്‌വെയുമായി ടി20 പരമ്പര കളിച്ചത്. അന്ന് 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതുവരെ പരസ്പരം കളിച്ച എട്ട് ടി20 മത്സരങ്ങളിൽ ആറിലും ഇന്ത്യ ജയിച്ചു. 2022ലെ ടി20 ലോകകപ്പിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സൂര്യകുമാർ യാദവിന്റെ മികവിൽ ഇന്ത്യ അനായാസ ജയം നേടിയിരുന്നു.

Similar Posts