Cricket
india scores 296 runs against south africa in 3rd odi
Cricket

കത്തിക്കയറി സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്ക് 297 റൺസ് വിജയലക്ഷ്യം

Web Desk
|
21 Dec 2023 3:13 PM GMT

ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ പുതിയ റെക്കോർഡിലും സഞ്ജു മുത്തമിട്ടു.

പാൾ: ചരിത്ര സെഞ്ചുറിയുമായി സഞ്ജു സാംസൺ കത്തിക്കയറിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. 297 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യ വച്ചിരിക്കുന്ന വിജയലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 296 റൺസ് അടിച്ചെടുത്തത്.

കളിക്കാനവസരം ലഭിച്ച രണ്ടാം മത്സരമായ ഇന്ന് 108 റൺസുമായാണ് പാളിലെ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ സഞ്ജു ആറാടിയത്. 114 പന്തുകളിൽ ആണ് മലയാളി താരത്തിന്റെ ശതക നേട്ടം. 46.6 ഓവറിൽ ലിസാദ് വില്യംസണിന്റെ പന്തിൽ ഹെയ്ന്റിച്ച് ക്ലാസെൻ പിടിച്ചാണ് സഞ്ജു പുറത്തായത്.

ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ പുതിയ റെക്കോർഡിലും സഞ്ജു മുത്തമിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി സഞ്ജു മാറി. ഏകദിന കരിയറിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.

അർധ സെഞ്ചുറിയുമായി തിലക് വർമ സഞ്ജുവിന് മികച്ച പിന്തുണ നൽകി. 77 പന്തിൽ തിലക് വർമ 55 റൺസെടുത്തപ്പോൾ റിങ്കു സിങ്ങാണ് ഭേദപ്പെട്ട സ്‌കോർ സംഭാവന ചെയ്ത മറ്റൊരു ബാറ്റർ. 27 പന്തിൽ 38 റൺസാണ് റിങ്കു അടിച്ചുകൂട്ടിയത്. ഓപണർമാരായ രജത് പട്ടിദാറിനും സായ് സുദർശനും തിളങ്ങാനായില്ല. യഥാക്രമം 22ഉം 10ഉം റൺസെടുത്താണ് ഇരുവരും പുറത്തായത്.

4.4 ഓവറിൽ പട്ടിദാർ ആദ്യം മടങ്ങിയപ്പോൾ വൺ ഡൗണായെത്തിയ സഞ്ജു നിറഞ്ഞാടുകയായിരുന്നു. ഒരു വേള തിലക് വർമയും മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ കെ.എൽ രാഹുൽ (21), വാഷിങ്ടൺ സുന്ദർ (14) എന്നിവരാണ് ടീമിൽ രണ്ടക്കം തികച്ച മറ്റുള്ളവർ. ഏഴ് റൺസുമായി അർഷ്ദീപ് സിങ്ങും ഒരു റൺസുമായി ആവേശ് ഖാനും പുറത്താവാതെ നിന്നു.

പ്രോട്ടീസ് ബൗളർമാരിൽ ബ്യൂറൻ ഹെൻഡ്രിക്‌സ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ നാന്ദ്രെ ബർഗെർ രണ്ടും ലിസാദ് വില്യംസ്, വിയാൻ മുൾഡർ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ കളിയിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയുമാണ് വിജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ 1-1 എന്ന നിലയിലുള്ള ഇരു ടീമുകൾക്കും നിർണായകമാണ് ഇന്നത്തെ മത്സരം.


Similar Posts