Cricket
india scores 356 runs against pakistan in asia cup
Cricket

തീപ്പൊരി സെഞ്ച്വറിയുമായി കോഹ്‌ലിയും രാഹുലും; പാകിസ്താനെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ

Web Desk
|
11 Sep 2023 1:55 PM GMT

ഇന്നും മഴ മൂലം വൈകിയാണ് കളി തുടങ്ങിയതെങ്കിലും ഇരുവരും പാക് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ചയ്ക്കാണ് ആർ. പ്രേമദാസ സ്റ്റേഡിയം സാക്ഷിയായത്.

കൊളംബോ: കൊളംബോയിൽ മഴക്കാറിന് താഴെ തീപ്പൊരി പാറിച്ച് സെഞ്ച്വറിയോടെ കോഹ്‌ലിയും രാഹുലും നിറഞ്ഞാടിയപ്പോൾ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. കളിയുടെ ആദ്യ ദിനം മഴ വില്ലനായെത്തിയതോടെ പാതിവഴിയിൽ അവസാനിപ്പിച്ചിടത്തു നിന്നും രണ്ടാം ദിനം തുടങ്ങിയ ഇന്ത്യ കത്തിക്കയറുകയായിരുന്നു. ഇന്നും മഴ മൂലം വൈകിയാണ് കളി തുടങ്ങിയതെങ്കിലും ഇരുവരും പാക് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ചയ്ക്കാണ് ആർ. പ്രേമദാസ സ്റ്റേഡിയം സാക്ഷിയായത്. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

94 പന്തിൽ മൂന്ന് സിക്‌സറുകളുടേയും നാല് ഫോറിന്റേയും അകമ്പടിയോടെ 122 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. 106 പന്തിൽ 111 റൺസാണ് രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 12 ഫോറും രണ്ട് സിക്‌സറും ഉൾപ്പെടെയാണിത്. ഷഹീൻ അഫ്രീദി (79)യും ഫഹീം അഷ്‌റഫും (74) ശദാബ് ഖാനും (71) ആണ് പാക് ബൗളിങ് നിരയിൽ ഏറ്റവും കൂടുതൽ അടി വാങ്ങിയത്.

ഇന്നലെ ഇന്ത്യന്‍ സ്കോര്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മഴ ഇടയ്ക്ക് നിന്നെങ്കിലും ഗ്രൗണ്ടും ഔട്ട്ഫീല്‍ഡും പൂര്‍ണമായി ഉണക്കിയെടുക്കാനുള്ള ഇടവേള ലഭിച്ചില്ല. അപ്പോഴേക്കും മഴ വീണ്ടുമെത്തുന്ന അന്തരീക്ഷമാണ് ഉണ്ടായത്. മഴ ഭീഷണി ഉണ്ടായതിനാൽ മത്സരത്തിന് നേരത്തേ തന്നെ റിസര്‍വ് ദിനം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കളി ഇന്നലെ 24.1 ഓവറിൽ അവസാനിപ്പിക്കുകയായിരുന്നു.

ആദ്യ ദിനത്തിലും മിന്നും പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ കാഴ്ച വച്ചത്. ‌ഗ്രൂപ്പ് ഘട്ടത്തില്‍ പാക് പേസര്‍മാരുടെ ആക്രമണത്തില്‍ തകര്‍ന്നുപോയ ഇന്ത്യയുടെ മുന്‍നിര ആ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് ഇന്നലെ കാഴ്ചവച്ചത്. നായകന്‍ രോഹിത് ശര്‍മയാണ് തന്നെയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് തുടക്കമിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് 16 ഓവറില്‍ 121 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് രോഹിത് പടുത്തുയര്‍ത്തിയത്. 49 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്സറുമുള്‍പ്പെടെ രോഹിത് ശര്‍മ 56 റണ്‍സെടുത്തു. 52 പന്തില്‍ പത്ത് ബൗണ്ടറിയുള്‍പ്പെടെ ഗില്‍ 58 റണ്‍സും അടിച്ചെടുത്തു.

എട്ട് റണ്‍സോടെ കോഹ്‌ലിയും 17 റണ്‍സോടെ രാഹുലും നില്‍ക്കുമ്പോഴാണ് മത്സരത്തിന്‍റെ ആവേശം കെടുത്താന്‍ രസംകൊല്ലിയായി മഴയെത്തിയത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്ന രാഹുല്‍ ഏഷ്യാ കപ്പ് സ്ക്വാഡിലൂടെയാണ് വീണ്ടും ടീമിലെത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പൂര്‍ണമായും ഫിറ്റ്നസ് കൈവരിക്കാത്തതിനാൽ രാഹുലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ തിരിച്ചുവരവ് ​ഗംഭീരമാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ ബാറ്റിങ്ങിലൂടെ രാഹുൽ.

Similar Posts