Cricket
സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്കെതിരെ പിടിമുറുക്കി ദക്ഷിണാഫ്രിക്ക; 163 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡ്
Cricket

സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്കെതിരെ പിടിമുറുക്കി ദക്ഷിണാഫ്രിക്ക; 163 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡ്

Web Desk
|
28 Dec 2023 12:06 PM GMT

ഡീൻ എൽഗെർ 185 റൺസെടുത്ത് പുറത്തായി. ഓൾറൗണ്ടർ മാർകോ ജാൺസെൻ 84 റൺസുമായി പുറത്താകാതെ നിന്നു.

സെഞ്ചൂറിയൻ: ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ വമ്പൻ ലീഡുയർത്തി ദക്ഷിണാഫ്രിക്ക. മൂന്നാം ദിനത്തിൽ ബാറ്റിങ് തുടർന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 408 ൽ അവസാനിച്ചു. ഇന്ത്യക്ക് മുന്നിൽ 163 റൺസിന്റെ ലീഡാണുയർത്തിയത്.

ഡീൻ എൽഗെർ 185 റൺസെടുത്ത് പുറത്തായി. മികച്ച പിന്തുണ നൽകിയ ഓൾറൗണ്ടർ മാർകോ ജാൺസെൻ 84 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. ഫീൽഡിങിനിടെ പേശിവലിവ് അനുഭവപ്പെട്ട ക്യാപ്റ്റൻ ടെംബ ബാഹുമ ആദ്യ ഇന്നിങ്‌സിൽ ബാറ്റിങിന് ഇറങ്ങിയില്ല.അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന നിലയിലായിരുന്നു മുന്നാംദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ജാൻസനുമായി ചേർന്ന് മികച്ച കൂട്ടുകെട്ടാണ് ഡീൻ എൽഗർ തീർത്തത്. ഇന്ത്യൻ പേസ് ആക്രമണങ്ങളെ കൃത്യമായി നേരിട്ട ഇരുവരും ലീഡ് നൂറുകടത്തി. ഒടുവിൽ ഷർദുൽ ഠാക്കൂർ എൽഗറിന്റെ വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 245ന് അവസാനിച്ചിരുന്നു. 101 റൺസ് നേടിയ കെ എൽ രാഹുലാണ് സന്ദർശകരെ ഭേദപ്പെട്ട് സ്‌കോറിലേക്ക് നയിച്ചത്. കഗിസോ റബാദ അഞ്ച് വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിംഗിൽ എയ്ഡൻ മാർക്രത്തെ (5) വേഗത്തിൽ മടക്കാൻ ഇന്ത്യക്കായി. ടോണി ഡിസോസി(28), പെറ്റേർസൺ(2), ഡേവിഡ് ബെഡിങ്ഹാം(56), വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ വേരയെൻ(4) എന്നിവരും പുറത്തായി. ബർഗറിനെ പൂജ്യത്തിനും റബാഡയെ ഒരുറണ്ണിനും ബുമ്ര പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കൻ സ്‌കോർ 408ൽ അവസാനിപ്പിക്കാനായി.

Similar Posts