ബംഗ്ലാദേശിനെതിരായ ടി20 പരമ്പര; സഞ്ജു സാംസൺ ടീമിൽ, പുതുമുഖമായി മയങ്ക് യാദവ്
|ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്.
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ഒന്നാം വിക്കറ്റ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടംപിടിച്ചു. യുവ പേസർ മയങ്ക് യാദവ് പുതുമുഖമായി. സ്പിന്നർ വരുൺചക്രവർത്തി, വിക്കറ്റ്കീപ്പർ ബാറ്റർ ജിതേഷ് ശർമ എന്നിവർ ചെറിയ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയപ്പോൾ ഇഷാൻ കിഷനെ പരിഗണിച്ചില്ല. ഒക്ടോബർ ആറിന് ഗ്വാളിയോറിലാണ് ആദ്യ ടി20 മത്സരം
കഴിഞ്ഞ ഐ.പി.എല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത മയങ്ക് യാദവ് പിന്നീട് പരിക്ക് കാരണം കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇടംപിടിച്ച ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ഗ്വാളിയോറിന് പുറമെ ഒക്ടോബർ ഒൻപതിന് ന്യൂഡൽഹിയിലും 12ന് ഹൈദരാബാദിലുമാണ് മറ്റു മത്സരം.
ഇന്ത്യൻ സ്ക്വാഡ്: സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), അഭിഷേക് ശർമ,സഞ്ജു സാംസൺ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി, ജിതേഷ് ശർമ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, മയങ്ക് യാദവ്