നായകനായി ബുംറ, സഞ്ജുവും ടീമിൽ; അയർലാൻഡിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു
|ഏറെ പുതുമുഖങ്ങളാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് അയർലാൻഡിനെതിരെ പരമ്പരയിൽ ഉള്ളത്
മുംബൈ: പരിക്കേറ്റ സ്റ്റാർ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ ഇന്ത്യൻ ടീമിലേക്കുള്ള വരവ് നായകനായി. അയർലാൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ബുംറ നായകൻ. ഋതുരാജ് ഗെയിക്വാദ് ഉപനായകൻ. യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിങ് എന്നീ യുവതാരങ്ങൾ ടീമിൽ ഇടം നേടി. സീനിയര്‍ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരൊന്നും ടീമിലില്ല.
മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചു. രാജസ്ഥാന് റോയല്‍സിനെ ഭംഗിയായി നയിച്ച ചരിത്രമുള്ള സഞ്ജുവിനെ മാറ്റി ഋതുരാജിന് ഉപനായക പദവി കൊടുത്തത് കൗതുകമായി. ഏറെ പുതുമുഖങ്ങളാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് അയർലാൻഡിനെതിരെ പരമ്പരയിൽ ഉള്ളത്. ആഗസ്റ്റ് 18ന് ആരംഭിക്കും. 2022 സെപ്തംബറിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി ടി20 കളിക്കുന്നത്. പരിക്ക് കാരണം ഏറെക്കാലം ടീമിന് പുറത്തായിരുന്നു താരം. 2022ലെ ടി20 ലോകകപ്പും പിന്നാലെ വന്ന ഇന്ത്യയുടെ മത്സരങ്ങളുമെല്ലാം താരത്തിന് നഷ്ടമായിരുന്നു.
ഏകദിന ലോകകപ്പ് അടുത്തിരിക്കെ ബുംറയുടെ മടങ്ങിവരവ് എന്ന് എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. താരം പരിശീലനം നടത്തുന്ന വീഡിയോയെല്ലാം പുറത്തവന്നെങ്കിലും തിരിച്ചുവരവിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ എന്നീ സ്പിന്നമാർക്കും വിശ്രമം അനുവദിച്ചപ്പോൾ വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ് എന്നിവർ ഇടം നേടി, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവരാണ് പേസര്‍മാര്‍.
ടീം ഇങ്ങനെ: ജസ്പ്രീത് ബുംറ(നായകൻ) ഋതുരാജ് ഗെയിക് വാദ്(ഉപനായകൻ), യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിങ്, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ) ജിതേഷ് ശർമ്മ( വിക്കറ്റ് കീപ്പർ) ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ശഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ