'ക്രിക്കറ്റിൽ ഇന്ത്യയെ പോലെ വളരണം'; സഹായം തേടി ചൈന
|ചൈനീസ് ക്രിക്കറ്റിന്‍റെ പുരോഗതി ലക്ഷ്യമിട്ട് മൂന്നംഗ പ്രതിനിധി സംഘം ഇന്ത്യാ സന്ദര്‍ശനം നടത്തി
ക്രിക്കറ്റ് മൈതാനങ്ങളിൽ ഇന്ത്യയെ പോലെ വളരാൻ തയ്യാറെടുത്ത് ചൈന. ഇതിനോടനുബന്ധിച്ച് ചൈനീസ് പ്രതിനിധി സംഘം ഇന്ത്യ സന്ദർശനം നടത്തി. മൂന്നംഗ പ്രതിനിധി സംഘമാണ് ചൈനീസ് ക്രിക്കറ്റിന്‍റെ പുരോഗതി ലക്ഷ്യമിട്ട് ഇന്ത്യയിലെത്തിയത്. കൊൽക്കത്തയിലെത്തിയ സംഘം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അവിഷേക് ഡാൽമിയയുമായി ചർച്ച നടത്തി.
ചൈനയിലെ ചോങ് ക്വിങ് നഗരത്തിലെ ക്രിക്കറ്റിന്‍റെ വളർച്ചയാണ് സംഘത്തിന്‍റെ ലക്ഷ്യം. ക്രിക്കറ്റ് വളര്‍ച്ച ലക്ഷ്യമിട്ട് ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹജനകമാണെന്നും തങ്ങളുടെ സഹകരണം ഉറപ്പുനൽകിയിട്ടുണ്ടെന്നും അവിഷേക് ഡാല്‍മിയ അറിയിച്ചു.
"ചോങ് ക്വിങ് സിറ്റിയിലെ ക്രിക്കറ്റ് വികസനത്തിന് ഞങ്ങളുടെ സഹകരണം തേടി ഒരു ചൈനീസ് പ്രതിനിധി സംഘം എത്തിയിരുന്നു. ആഗോളതലത്തിൽ ക്രിക്കറ്റ് വ്യാപിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.. ഞങ്ങളുടെ സഹകരണം ഞങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്, ക്രിക്കറ്റ് വളര്‍ച്ച ലക്ഷ്യമിട്ട് ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹജനകമാണ്.
ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ ക്രിക്കറ്റിന്‍റെ കാര്യത്തിൽ ഞങ്ങള്‍ ഇപ്പോഴും സഹായിക്കുന്നുണ്ട്. ചൈനയും സഹായമാവശ്യപ്പെട്ടാണ് എത്തിയത്. അവരുടെ കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണം. ഇന്ത്യയിലെത്തി പരിശീലനം നടത്താൻ ആഗ്രഹിക്കുന്നതായി അവർ അറിയിച്ചു. അവർ ക്രിക്കറ്റിനെ ഗൗരവത്തിൽ എടുത്തതായി മനസ്സിലാക്കുന്നു. ക്രിക്കറ്റിന്‍റെ വളർച്ചക്കായി എല്ലാ സഹായവും ഞങ്ങള്‍ ചെയ്യും"- ഡാല്‍മിയ പറഞ്ഞു
ക്രിക്കറ്റിൽ അതികം മേൽവിലാസമില്ലാത്ത ചൈന 2018 ലാണ് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ക്രിക്കറ്റിൽ ഏഷ്യയിലെ ആദ്യ പത്ത് രാജ്യങ്ങളിൽ പോലും ചൈനയില്ല. ചൈനീസ് കോൺസുൽ ജനറൽ സാലിയോവാണ് ഇന്ത്യയുമായുള്ള ക്രിക്കറ്റ് സഹകരണത്തിന് മുൻകയ്യെടുത്തത്.