പൊരുതി ജയിച്ചു; ഇന്ത്യൻ യുവതക്ക് സിംബാബ്വെൻ ഷോക്ക്
|ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് 13 റൺസ് തോൽവി
ഹരാരെ: പ്രതീക്ഷകളുമായി പാഡുകെട്ടിയ ഇന്ത്യൻ യുവതക്ക് നിരാശജനകമായ തുടക്കം. ആദ്യ ട്വന്റി 20യിൽ 13 റൺസിനാണ് ഇന്ത്യയെ സിംബാബ്വെ വീഴ്ത്തിയത്. 2024ൽ ഇതാദ്യമായാണ് ഇന്ത്യ ഒരു ട്വന്റി 20 മത്സരത്തിൽ പരാജയപ്പെടുന്നത്. അവസാന ഓവറിൽ ഒരുവിക്കറ്റ് ശേഷിക്കെ വിജയിക്കാൻ 16 റൺസ് ആവശ്യമായിരുന്ന ഇന്ത്യക്ക് മൂന്നുറൺസ് മാത്രമെടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റുചെയ്ത സിംബാബ്വെയെ ഇന്ത്യ 115 റൺസിന് ഒതുക്കിയിരുന്നു. 21 റൺസെടുത്ത മാഥ്വേര, 22 റൺസെടുത്ത ബ്രയാൻ ബെന്നറ്റ്, 23 റൺസെടുത്ത ഡിയാൻ മൈയേഴ്സ്, 29 റൺസെടുത്ത ൈക്ലവ് മദൻഡെ എന്നിവരാണ് സിംബാബ്വെയെ 100 കടത്തിയത്. നാല് ഓവറിൽ 13 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത രവി ബിഷ്‍ണോയാണ് ഇന്ത്യക്കായി തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ദുരന്തമായിരുന്നു. റൺസൊന്നുമെടുക്കാതെ അഭിഷേക് ശർമ ആദ്യം മടങ്ങി. ഋഥുരാജ് ഗ്വെയ്ക് വാദ് (7), റിയാൻ പരാഗ് (2), റിങ്കുസിങ് (0), ധ്രുവ് ജുറേൽ (6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. 31 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ,34 പന്തുകളിൽ 27 റൺസെടുത്ത വാഷിങ്ടൺ സുന്ദർ, 16 റൺസെടുത്ത ആവേശ് ഖാൻ എന്നിവർ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അഞ്ചുമത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇതേ ഗ്രൗണ്ടിൽ നടക്കും.