Cricket
തകർപ്പൻ സെഞ്ച്വറിയുമായി ഹര്‍നൂർ: ആസ്‌ട്രേലിയയെ തകർത്ത് കരുത്ത്കാട്ടി ഇന്ത്യയുടെ അണ്ടർ 19 ടീം
Cricket

തകർപ്പൻ സെഞ്ച്വറിയുമായി ഹര്‍നൂർ: ആസ്‌ട്രേലിയയെ തകർത്ത് കരുത്ത്കാട്ടി ഇന്ത്യയുടെ അണ്ടർ 19 ടീം

Web Desk
|
13 Jan 2022 7:21 AM GMT

ഓപ്പണർ ഹര്‍നൂർ സിങ് പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 9 വിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്.

ഐസിസി അണ്ടർ 19 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക്, ആസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ തകർപ്പൻ ജയം. ഓപ്പണർ ഹര്‍നൂർ സിങ് പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 9 വിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ ഇന്ത്യക്ക് മുന്നിൽവെച്ചത് 269 റൺസ്. 49.2 ഓവറിൽ 268 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

18കാരൻ നായകൻ കോണോലിയുടെ സെഞ്ച്വറിയാണ് ആസ്‌ട്രേലിയക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. 18 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോണോലിയുടെ ഇന്നിങ്‌സ്. മറുപടി ബാറ്റിങിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 16 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ഹര്‍നൂറിന്റെ ഇന്നിങ്‌സ്. 72 റൺസ് നേടി ഷെയിഖ് റഷീദ് പിന്തുണ കൊടുത്തു. പരിശീലമത്സരമായതിനാല്‍ രണ്ട് പേരും റിട്ടയേർഡ് ചെയ്യുകയായിരുന്നു. പിന്നീടെത്തിയ നായകന്‍ യാഷ് ദളും തകർത്തടിച്ചതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി.

അതേസമയം അണ്ടര്‍ 19 ലോകകപ്പിന് വെള്ളിയാഴ്ച്ചയാണ് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയയെ നേരിടും. ഗ്രൂപ്പ് ബി യിലുള്ള ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 15 നാണ്. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. അയര്‍ലന്‍ഡ്, യുഗാന്‍ഡ ടീമുകളും ഗ്രൂപ്പ് ബി യിലാണ്. ലോക ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്ന അണ്ടര്‍ 19 ലോകകപ്പിന് ആകാംക്ഷ ഏറെയാണ്. വെസ്റ്റ് ഇന്‍ഡീസിലാണ് ഇത്തവണ അണ്ടര്‍ 19 ലോകകപ്പ് നടക്കുന്നത്. സന്നാഹ മത്സരങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ ഇനി കിരീടത്തിനായുള്ള പോരാട്ടമാണ് നടക്കാനുള്ളത്.

16 ടീമുകളാണ് അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കുന്നത്. ന്യൂസീലന്‍ഡ് ലോകകപ്പില്‍ പങ്കെടുക്കുന്നില്ല. പകരം സ്‌കോട്ട്‌ലന്‍ഡിനാണ് അവസരം ലഭിച്ചത്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ കടുപ്പമായതിനെത്തുടര്‍ന്നാണ് ന്യൂസീലന്‍ഡ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

Hanoor Singh's ton scripts India's nine-wicket thrashing of Australia in U19 World Cup warm up game

Related Tags :
Similar Posts