Cricket
രോഹിത് -രാഹുല്‍ ഷോ ; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
Cricket

'രോഹിത് -രാഹുല്‍ ഷോ' ; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

Sports Desk
|
3 Nov 2021 4:00 PM GMT

ഈ ടൂര്‍ണമെന്‍റിലെ ഒരു ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്

ടി-20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 210 റണ്‍സെടുത്തു. ഈ ടൂര്‍ണമെന്‍റില്‍ ഒരു ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ടൂര്‍ണമെന്‍റില്‍ ആദ്യമായാണ് ഒരു ടീമിന്‍റെ സ്കോര്‍ 200 കടക്കുന്നത്. ഓപ്പണർമാരായ രോഹിത് ശർമയുടേയും കെ.എൽ രാഹുലിന്‍റേയും ഇന്നിംഗ്‌സുകളാണ് ഇന്ത്യൻ സ്‌കോർ 200 കടത്താന്‍ സഹായിച്ചത്. ഇരുവരും അര്‍ധസെഞ്ച്വറി തികച്ചു . ആദ്യ വിക്കറ്റിൽ 141 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടെയാണിത്.

രോഹിത് ശർമ 47 പന്തിൽ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം 74 റൺസെടുത്തു. കരീം ജനാതിനാണ് രോഹിതിന്‍റെ വിക്കറ്റ്. കെ.എൽ രാഹുൽ 48 പന്തുകളിൽ നിന്നായി രണ്ട് സിക്‌സും ആറ് ഫോറുമടക്കം 69 റൺസെടുത്തു.ഗുലാബ്ദീൻ നാഇബിനാണ് കെ.എൽ രാഹുലിന്‍റെ വിക്കറ്റ്. അവസാന ഓവറുകളിൽ റിഷബ് പന്തും ഹർദിഖ് പാണ്ഡ്യയും ചേർന്ന് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ സ്‌കോറിന് ദ്രുത വേഗം നല്‍കിയത്. ഹർദിക് പാണ്ഡ്യ രണ്ട് സിക്‌സുകളുടെ അകമ്പടിയിൽ 13 പന്തിൽ 35 റൺസെടുത്തപ്പോൾ റിഷബ് പന്ത് മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 27 റൺസെടുത്തു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പാകിസ്താനോടും ന്യൂസിലന്‍റിനോടും ദയനീയ പരാജയമേറ്റു വാങ്ങിയ ഇന്ത്യക്ക് ട്വന്‍റി -20 ലോകകപ്പിന്‍റെ സെമിയിൽ പ്രവേശിക്കാൻ ഇനി നേരിയ സാധ്യതകൾ മാത്രമാണ് അവശേഷിക്കുന്നത്.

Similar Posts